അമേരിക്കന്‍ ഗോള്‍ഫ് താരം ഗ്രേസണ്‍ മുറെ ആത്മഹത്യ ചെയ്‌തെന്ന് മാതാപിതാക്കള്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച അമേരിക്കന്‍ ഗോള്‍ഫ് താരം ഗ്രേസണ്‍ മുറെയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിട. ഗ്രേസണ്‍ മുറെ ആത്മഹത്യ ചെയ്തതായി കുടുംബം സ്ഥിരീകരിച്ചു.

രണ്ട് തവണ പിജിഎ ടൂര്‍ ജേതാവായ മുറെ, ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ ചാള്‍സ് ഷ്വാബ് ചലഞ്ചില്‍ നിന്ന് പിന്മാറിയതിന്റെ പിറ്റേന്ന് ശനിയാഴ്ച മരിച്ചത്. അദ്ദേഹത്തിന് 30 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ എറിക്കും ടെറി മുറെയും ഞായറാഴ്ച ഒരു പ്രസ്താവനയിലാണ് മരണം ആത്മഹത്യയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ‘ജീവിതം ഗ്രെയ്സണിന് എല്ലായ്‌പ്പോഴും എളുപ്പമായിരുന്നില്ല, അവന്‍ സ്വന്തം ജീവന്‍ എടുത്തെങ്കിലും, അവന്‍ ഇപ്പോള്‍ സമാധാനത്തോടെ വിശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

2017 ലെ പിജിഎ ടൂറില്‍ തന്റെ ആദ്യ കിരീടം നേടിയ മുറെ, സോണി ഓപ്പണ്‍ വിജയത്തിന് ശേഷം ലോക റാങ്കിംഗില്‍ കരിയറിലെ ഉയര്‍ന്ന 46-ാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം, മദ്യപാനവും വിഷാദവും മുറെയെ പിടികൂടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസുഖം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചാള്‍സ് ഷ്വാബ് ചലഞ്ചില്‍ നിന്ന് അദ്ദേഹം പിന്മാറിയതിന്റെ പിറ്റേദിവസമായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. ഇത് കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. മരണം ആത്മഹത്യയെന്ന് കുടുംബം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇനിയും നിരവധി ചോദ്യങ്ങളും ബാക്കിയാകുന്നുണ്ട്.