ചിലി കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 122 ആയി; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു, മരണസംഖ്യ ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസം മുമ്പ് ആരംഭിച്ച തീപിടിത്തത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ ചിലിയില്‍ മരിച്ചവരുടെ എണ്ണം 122 ആയി. അടിയന്തര സേനാംഗങ്ങള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കാട്ടുതീ അപകടം കൂടുതല്‍ വ്യാപ്തി നേടുന്നത്.

ഹെലികോപ്റ്ററുകളില്‍ വെള്ളമെത്തിച്ച് തീപിടുത്ത മേഖലകളില്‍ ഒഴിക്കുകയും അതേസമയം നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും സൈന്യവും വാല്‍പാറൈസോയിലെയും വിന ഡെല്‍ മാരിലെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അതിവേഗം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഇനിയും തീ അണച്ചു കഴിയാത്തതിനാലും തീയില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനാലും മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, രാജ്യത്തുടനീളം 161 സജീവ കാട്ടുതീ പടരുന്നതായി ചിലിയന്‍ നാഷണല്‍ ഡിസാസ്റ്റര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്പോണ്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാല്‍പാറൈസോ, വിന ഡെല്‍ മാര്‍ തുടങ്ങിയ തീരദേശ സമൂഹങ്ങള്‍ പുകയില്‍ മുങ്ങിയതിനാല്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.