
സനാ: ചെങ്കടലിന്റെ തെക്കൻ കവാടവും സൗദി അറേബ്യയുടെ പ്രധാന എണ്ണ-വാതക കയറ്റുമതി കേന്ദ്രമായ യാൻബു തുറമുഖത്തേക്കുള്ള നിർണ്ണായക പാതയുമായ ബാബ് എൽ-മന്ദേബ് കടലിടുക്കിന്റെ യെമൻ തീരപ്രദേശം സൗദി പിന്തുണയുള്ള സേനയിൽ നിന്ന് പിടിച്ചെടുത്തതായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ പ്രഖ്യാപിച്ചു. ഇതോടെ ഈ കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇപ്പോൾ “കൂടുതൽ സുരക്ഷിതമായ” അവസ്ഥയിലാണെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി ചൊവ്വാഴ്ച അവകാശപ്പെട്ടു.
കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഹൂതികളും സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയും തമ്മിൽ മാസങ്ങളായി രൂക്ഷമായ പോരാട്ടം നടക്കുകയായിരുന്നു. ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളെത്തുടർന്ന് കടലിടുക്കിന് സമീപമുള്ള യെമൻ തീരപ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ പോരാളികൾ പിന്മാറിയതായി സർക്കാർ സഖ്യകക്ഷി വിഭാഗം തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.
സൗദിക്ക് നേരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
യെമനിലെ ഹൂതി നിയന്ത്രിത മേഖലകളിൽ സൗദി അറേബ്യ നാവിക ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചതിന് തിരിച്ചടിയായി, ചെങ്കടലിലെ സൗദി തുറമുഖങ്ങൾക്കും കപ്പലുകൾക്കും ഹൂതികൾ ഉപരോധം പ്രഖ്യാപിക്കുകയും നിരവധി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. “ഉപരോധത്തിന് ഉപരോധം കൊണ്ടും, പ്രകോപനത്തിന് പ്രകോപനം കൊണ്ടും ഞങ്ങൾ മറുപടി നൽകും. യെമൻ ജനതയ്ക്ക് മേലുള്ള ഉപരോധം നീക്കുകയും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ സൗദി പ്രദേശത്തിനുള്ളിലേക്ക് കടന്നുകയറിയുള്ള സൈനിക നീക്കങ്ങൾ തുടരും,” യഹ്യ സാരി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. സൗദി സേനയെ പരാജയപ്പെടുത്തി തുരത്തിയതിനാൽ ബാബ് എൽ-മന്ദേബ് കടലിടുക്ക് വഴിയുള്ള കപ്പൽ സഞ്ചാരം സുരക്ഷിതമാണെന്നും അദ്ദേഹം ലോകരാജ്യങ്ങൾക്ക് ഉറപ്പുനൽകി.
ആഗോള എണ്ണവിലയിലും ചരക്കുനീക്കത്തിലും ആശങ്ക
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ മൂന്നിലൊന്നും ഹോർമുസ്, ബാബ് എൽ-മന്ദേബ് എന്നീ രണ്ട് കടലിടുക്കുകൾ വഴിയാണ് നടന്നിരുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഒരു പരിധിവരെ പുനരാരംഭിച്ചെങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കപ്പൽ കമ്പനികൾക്ക് ഇപ്പോഴും കടുത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യം കാരണം യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ 40 ശതമാനത്തോളം ഉയർന്ന നിരക്കിലാണ് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടരുന്നത്.













