സെപ്റ്റംബറില്‍ കുഞ്ഞോമന എത്തും…സന്തോഷം പങ്കുവെച്ച് രണ്‍വീറും ദീപികയും

ആരാധകരുടെ മനം കവരുന്ന താര ദമ്പതികളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും തങ്ങളുടെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായുള്ള കാത്തിരിപ്പിലാണ്. ഇന്‍സ്റ്റഗ്രാമില്‍ വ്യാഴാഴ്ച ഇരുവരും ഇത് സംബന്ധിച്ച ഒര പോസ്റ്റ് പങ്കുവെച്ച് എത്തിയിരുന്നു. കുഞ്ഞുടുപ്പുകളുടേയും കുഞ്ഞിച്ചെരുപ്പിന്റേയും ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ‘സെപ്റ്റംബര്‍ 2024’ എന്ന് മാത്രമായിരുന്നു പോസ്റ്റ്. പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം ആരാധകര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

താരദമ്പതികള്‍ 2018 ലാണ് വിവാഹിതരായത്. ദീപിക ഗര്‍ഭിണിയാണെന്ന ഊഹാപോഹങ്ങള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നെങ്കിലും ദമ്പതികള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെ നടന്ന 77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സില്‍ സാരി ധരിച്ച് എത്തിയ ദീപിക വയറുമറച്ചാണ് സാരി ഉടുത്തതെന്നും ഗര്‍ഭിണി ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ആരാധകര്‍ കണ്ടെത്തുകയായിരുന്നു. സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത കോച്ചര്‍ സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക പദുക്കോണ്‍ അന്ന് അണിഞ്ഞത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ‘രാം ലീല’യുടെ സെറ്റില്‍ വെച്ചാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും കണ്ടുമുട്ടിയതും പ്രണയത്തിലാകുന്നതും. ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജവാനിലാണ് ദീപിക അവസാനമായി അഭിനയിച്ചത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സിംഹം എഗെയ്ന്‍’ എന്ന ചിത്രത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗും അഭിനയിക്കുന്നുണ്ട്.