ന്യൂഡൽഹി: കഴിഞ്ഞദിവസം സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ ഒരു അജ്ഞാത മൃഗത്തെ കണ്ടതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിൽ സംഭവത്തിലെ നിഗൂഢ പൊളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി പോലീസ്.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവിന് ബിജെപി എംപി ദുർഗ ദാസ് അഭിവാദ്യം അർപ്പിക്കുന്ന സമയത്താണ് പശ്ചാത്തലത്തിൽ “പൂച്ചയെപ്പോലെയുള്ള” മൃഗത്തെ കണ്ടത്. പുള്ളിപ്പുലിയെയാണ് കണ്ടത് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ആരോപണം.
കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണത്തിനിടെ പകർത്തിയ മൃഗത്തിന്റെ ചിത്രം വന്യമൃഗമാണെന്ന് പറഞ്ഞ് ചില മാധ്യമ ചാനലുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണിക്കുന്നുണ്ട്. എന്നാൽ ഇത് വീടുകളിൽ വളർത്തുന്ന സാധാരണ പൂച്ച മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.