
തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പേരില്‍ പുലിവാലുപിടിച്ച എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ആശ്വാസം. ഇപിയെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എടുത്തത്. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ഇപി തന്നെ വെളിപ്പെടുത്തിയത് പാര്‍ട്ടിയെ ക്ഷീണത്തിലാക്കിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുമെന്നും ചില വിലയിരുത്തലുകള്‍ ഉണ്ടായെങ്കിലും അതിനെ മറികടന്നാണ് ഇന്നത്തെ യോഗം അവസാനിച്ചത്. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്ന് പാര്‍ട്ടി സെക്രട്ടറിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മാത്രമല്ല, ഇപി വിവാദം സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്നും ഒരു വര്‍ഷം മുന്‍പ് ബിജെപി നേതാവിനെ കണ്ടത് ഇപി സ്ഥിരീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ എതിരാളികളെ കാണുമ്പോള്‍ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കല്‍പ്പമാണെന്നുമാണ് ഗോവിന്ദന്‍ വ്യക്തമാക്കിയത്.
കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. മാത്രമല്ല, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തില്‍ മാധ്യമങ്ങളെ പഴിക്കുന്ന നിലപാടാണ് ഇപി സ്വീകരിച്ചത്. വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കുറച്ച് സന്തോഷം ലഭിക്കുന്നെങ്കില്‍ നല്ലതെന്നും പ്രത്യേക ലക്ഷ്യത്തോടെ ഒരു വ്യാജവാര്‍ത്ത നിര്‍മാണകേന്ദ്രം പുറത്തുവിട്ട വാര്‍ത്തയാണ് ചര്‍ച്ചയായതെന്നും അദ്ദേഹം തുറന്നടിച്ചു. വാര്‍ത്തയ്ക്കുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതിന്റെ അടസ്ഥാനം സാമ്പത്തികമാണെന്നും ഇപി പറയുന്നു. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു.
തലയ്ക്കു വെളിവില്ലാത്തവള്‍ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജന്‍ ചോദിച്ചു. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത കൊടുക്കാന്‍ എവിടെനിന്നാ ധൈര്യം കിട്ടിയത്? ശോഭാ സുരേന്ദ്രന്‍ ആരാ? ആയിരത്തിയൊന്ന് വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് ശോഭ. അവര്‍ പറയുന്നതില്‍ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം. ദല്ലാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വാര്‍ത്ത പറഞ്ഞാല്‍ നിങ്ങള്‍ കൊടുക്കുമോ? എന്നും കടുത്ത പ്രതികരണം നടത്തിയ ഇ.പി. ജയരാജന്‍ ചോദിച്ചു.
അതേസമയം, ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാന്‍ ഇപിയോടെ ആവശ്യപ്പെട്ടെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചെന്ന് ഇപി പാര്‍ട്ടിയോഗത്തില്‍ അറിയിച്ചിട്ടുമുണ്ട്. ഡല്‍ഹിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ശോഭ സുരേന്ദ്രനെതിരെ ഇപി കേസ് കൊടുക്കുമെന്നും പാര്‍ട്ടി സെക്രട്ടറി അറിയിച്ചിട്ടുണ്ട്.