പോളിംഗ് ലൊക്കേഷനുകള്‍ക്ക് വ്യാജബോംബ് ഭീഷണി, എത്തിയത് റഷ്യന്‍ ഇമെയില്‍ ഡൊമെയ്നുകളില്‍ നിന്നും: എഫ്ബിഐ

വാഷിംഗ്ടണ്‍: യുഎസിലെ പല സംസ്ഥാനങ്ങളിലെയും പോളിംഗ് ലൊക്കേഷനുകളില്‍ ബോംബ് ഭീഷണിയുണ്ടായത് പരിഭ്രാന്ത്രി പടര്‍ത്തിയതിനു പിന്നാലെ പ്രസ്താവന പുറത്തിറക്കി എഫ്ബിഐ. ബോംബ് ഭീഷണികളില്‍ പലതും റഷ്യന്‍ ഇമെയില്‍ ഡൊമെയ്നുകളില്‍ നിന്നാണ് വരുന്നതെന്ന് എഫ്ബിഐ പറഞ്ഞു. ഭീഷണികളൊന്നും ഇതുവരെ വിശ്വസനീയമാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് എഫ്ബിഐ വ്യക്തമാക്കി.

എഫ്ബിഐയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനകളില്‍ ഒന്നാണ് തിരഞ്ഞെടുപ്പ് സമഗ്രതയെന്നും യുഎസ് തെരഞ്ഞെടുപ്പിന് എതിരെയുള്ള ഏത് ഭീഷണികളോടും പ്രതികരിക്കുന്നതിനും അമേരിക്കക്കാര്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ അവരെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ സംസ്ഥാന, പ്രാദേശിക നിയമ നിര്‍വ്വഹണ പങ്കാളികളുമായി ഞങ്ങള്‍ അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ സംസ്ഥാന അല്ലെങ്കില്‍ പ്രാദേശിക നിയമപാലകര്‍ക്ക് വിവരം നല്‍കണമെന്നും എഫ്ബിഐ അഭ്യര്‍ത്ഥിച്ചു. മാത്രമല്ല, 1-800-കോള്‍ വഴിയോ (18002255324) അല്ലെങ്കില്‍ ഓണ്‍ലൈനില്‍ tips.fbi.govലൂടെയോ വിവരങ്ങള്‍ അറിയിക്കാമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.