
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട് അടുത്തിടെ അമേരിക്ക നടത്തിയ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയെ ശക്തമായി വിമര്‍ശിച്ചത്.
ഇന്ത്യ സി.എ.എ നടപ്പിലാക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഇത് സൂക്ഷമായി നിരീക്ഷിക്കുമെന്നും കഴിഞ്ഞ ദിവസം അമേരിക്ക പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നാണ് അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ മറുപടി. ഈ വിഷയത്തിലാണ് ഇപ്പോള്‍ ഹരീഷ് സാല്‍വെ പ്രതികരണവുമായി എത്തിയത്.
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കായി യുഎസ് അതിര്‍ത്തി തുറക്കുമോ എന്ന് ചോദിച്ച സാല്‍വെ യുഎസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ‘പാകിസ്ഥാനിലെ അഹമ്മദിയകള്‍ക്കോ, മ്യാന്‍മറിലെ റോഹിങ്ക്യകള്‍ക്കോ, ദയയില്ലാതെ കൊല്ലപ്പെടുന്ന പാവപ്പെട്ട ഫലസ്തീനികള്‍ക്കോ അമേരിക്ക പൗരത്വം നല്‍കുമോ? ഇല്ലെങ്കില്‍ ഞാന്‍ പറയും, അമേരിക്ക മിണ്ടാതിരിക്കുക’, ഇതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം കലര്‍ന്ന പ്രതികരണം.
മാത്രമല്ല, ഇസ്രയേലിനുള്ള പിന്തുണ പുനഃപരിശോധിക്കണമെന്നും മറ്റ് രാജ്യങ്ങള്‍ക്കെതിരായി സംസാരിക്കുന്നതിന് പകരം അമേരിക്ക ആഭ്യന്തര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സാല്‍വെ അഭ്യര്‍ത്ഥിച്ചു.
2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ മതപരമായ പീഡനത്തെത്തുടര്‍ന്ന് പലായനം ചെയ്യുകയും ഇന്ത്യയില്‍ പ്രവേശിക്കുകയും ചെയ്ത ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍, ബുദ്ധമതക്കാര്‍ അല്ലെങ്കില്‍ ജൈനര്‍ എന്നിവരെ മാത്രമാണ് പൗരത്വ നിയമം ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ ഇസ്ലാമികേതര ജനസംഖ്യ എങ്ങനെയാണ് ക്രമാതീതമായി കുറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഈ ഇസ്ലാമിക രാജ്യങ്ങളില്‍ സ്വന്തം മതം സ്വതന്ത്രമായി ആചരിക്കാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ക്ക് ഇന്ത്യയല്‍ അതിവേഗ പൗരത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Harish Salve responds to America on CAA statement