ലണ്ടൻ: ലോകമാകെ കോളിളക്കം സൃഷ്ടിച്ച മീ ടു മൂവ്മെന്റിനു തുടക്കമിട്ട ഹാർവി വെയ്ൻസ്‌റ്റെയിൻ കേസിന് വിരാമമായി. മീടൂ ആരോപണത്തിൽ കുടുങ്ങിയ ഹോളിവുഡ് മുൻ നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റെയിന് എതിരെയുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചു. ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റേതാണ് തീരുമാനം. കുറ്റം തെളിയിക്കാനുള്ള സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് നടപടി.
ഹാർവി വെയ്ൻസ്‌റ്റെയിന് എതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുന്നതായി കക്ഷികളെ അറിയിച്ചതായും പ്രസ്താവനയിൽ അറിയിച്ചു. ശാരീരിക പീഡനത്തിന് ഇരയാവുന്നവർ പൊലീസിൽ പരാതി നൽകണമെന്നും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു.
1996 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഹാർവി വെയ്ൻസ്റ്റീൻ അതിക്രമം നടത്തിയതായി ആരോപിക്കപ്പെടുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് ഇപ്പോൾ 50ന് മുകളിലാണ് പ്രായമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2017ലാണ് ഹാർവി വെയ്ൻസ്റ്റീന് എതിരെയുള്ള ആരോപണങ്ങൾ ഉയരുന്നത്. ഈ തുറന്നു പറച്ചിൽ ലോക വ്യാപകമായ മീടൂ ക്യാമ്പെയ്ന് തുടക്കം കുറിച്ചു.