
ന്യൂയോർക്ക്: ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ മാധ്യമസ്വാതന്ത്ര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.
മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ ശിക്ഷാ നടപടികൾ ഉണ്ടാകാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. യുദ്ധങ്ങളിൽ സത്യമാണ് ആദ്യം ബലികഴിക്കപ്പെടുന്നത് എന്ന് പൊതുവെ പറയാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ ആ സത്യം റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന മാധ്യമപ്രവർത്തകരാണ് ആദ്യം ഇല്ലാതാക്കപ്പെടുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഓർമ്മിപ്പിച്ചു. യുദ്ധമുഖങ്ങളിൽ മാത്രമല്ല, അധികാരികൾക്ക് മറുപടി പറയേണ്ടി വരുമെന്ന ഭയമുള്ളയിടങ്ങളിലെല്ലാം മാധ്യമപ്രവർത്തകർ ലക്ഷ്യം വെക്കപ്പെടുന്നു. സെൻസർഷിപ്പ്, നിരീക്ഷണം, നിയമപരമായ വേട്ടയാടൽ എന്നിവയ്ക്ക് പുറമെ മാധ്യമപ്രവർത്തകർക്ക് നേരെ വർധിച്ചുവരുന്ന കൊലപാതകങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നു. ഇത്തരത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന 85 ശതമാനം കുറ്റകൃത്യങ്ങളിലും അന്വേഷണമോ ശിക്ഷാ നടപടികളോ ഉണ്ടാകുന്നില്ല എന്നത് അംഗീകരിക്കാനാവില്ല. സാമ്പത്തിക സമ്മർദ്ദങ്ങളും സാങ്കേതിക വിദ്യയുടെ ദുരുപയോഗവും കാരണം മാധ്യമസ്വാതന്ത്ര്യം ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം ഭീഷണി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാകാതെ വരുമ്പോൾ അവിശ്വാസം വേരുപിടിക്കുന്നു. പൊതുവായ ചർച്ചകൾ വളച്ചൊടിക്കപ്പെടുമ്പോൾ സാമൂഹിക ഐക്യം തകരുന്നു. പത്രപ്രവർത്തനം ദുർബലമാകുമ്പോൾ പ്രതിസന്ധികൾ തടയുന്നതും പരിഹരിക്കുന്നതും കൂടുതൽ പ്രയാസകരമാകും,” അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൻ്റെ അടിസ്ഥാനപരമായ പങ്കിനെ ഊന്നിപ്പറഞ്ഞ യുഎൻ സെക്രട്ടറി ജനറൽ, “എല്ലാ സ്വാതന്ത്ര്യങ്ങളും നിലനിൽക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ്” എന്ന് ഓർമ്മിപ്പിച്ചു. മാധ്യമസ്വാതന്ത്ര്യമില്ലാതെ മനുഷ്യാവകാശങ്ങളോ സുസ്ഥിരമായ വികസനമോ സമാധാനമോ നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമപ്രവർത്തനത്തിന് നേരെയുള്ള നിയന്ത്രണങ്ങളും ആക്രമണങ്ങളും ആഗോളതലത്തിൽ ജനാധിപത്യ മൂല്യങ്ങളെ തകർക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന കണ്ടെത്തലുകൾക്കിടയിലാണ് യുഎൻ മേധാവിയുടെ ഈ മുന്നറിയിപ്പുകൾ പുറത്തുവരുന്നത്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിൽ വൻ തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർവേയിൽ ഉൾപ്പെട്ട 180 രാജ്യങ്ങളിൽ പകുതിയിലധികവും മാധ്യമപ്രവർത്തനത്തിന് ‘പ്രയാസകരമായ’ (Difficult) അല്ലെങ്കിൽ ‘അതീവ ഗുരുതരമായ’ സാഹചര്യമുള്ളവയായാണ് തരംതിരിക്കപ്പെട്ടിരിക്കുന്നത്.
ആഗോള ശരാശരി സ്കോർ 54.3 പോയിന്റായി കുറഞ്ഞു. 2002-ൽ ഇൻഡക്സ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രകടനമാണിത്. ഇരുപത് വർഷം മുമ്പ് 13.7% രാജ്യങ്ങൾ മാത്രമാണ് ഏറ്റവും മോശം വിഭാഗത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 52.2% ആയി കുത്തനെ വർധിച്ചു. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിൻ്റെ പുതിയ കണക്കുകൾ പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. 180 രാജ്യങ്ങളുടെ പട്ടികയിൽ 157-ാം സ്ഥാനത്താണ് ഇന്ത്യ.
മാധ്യമസ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ നോർവേ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. ഇറാഖ്, സുഡാൻ, യെമൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ ഇടങ്ങളായി തുടരുന്നു. ഗാസയിലെ സംഘർഷത്തിൽ മാത്രം 2023 ഒക്ടോബറിന് ശേഷം 220-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് (180-ാം റാങ്ക്) തുടർച്ചയായ മൂന്നാം വർഷവും എറിത്രിയയാണ്.
അമേരിക്കയുടെ മാധ്യമസ്വാതന്ത്ര്യ റാങ്കിംഗിലും വലിയ ഇടിവുണ്ടായതായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് വ്യക്തമാക്കുന്നു. ഏഴ് സ്ഥാനങ്ങൾ താഴോട്ട് പോയ അമേരിക്ക നിലവിൽ 64-ാം സ്ഥാനത്താണ്. മാധ്യമങ്ങളോടുള്ള രാഷ്ട്രീയ വിദ്വേഷവും അന്താരാഷ്ട്ര വാർത്താ ഏജൻസികളെ ബാധിക്കുന്ന സ്ഥാപനപരമായ തീരുമാനങ്ങളുമാണ് ഈ തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മാധ്യമസ്വാതന്ത്ര്യത്തിലുണ്ടായ ഈ തകർച്ചയ്ക്ക് കാരണമായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയക്കാരുടെ ആക്രോശഭരിതമായ പ്രസംഗങ്ങളും, മാധ്യമസ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും, മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമപരിഷ്കാരങ്ങളുമാണ്. പല രാജ്യങ്ങളിലെയും അധികാരികൾ ‘ദേശസുരക്ഷ’, ‘ഭീകരവിരുദ്ധ നിയമം’ എന്നിവയെ വാർത്തകൾ അടിച്ചമർത്താനുള്ള പ്രധാന ആയുധങ്ങളായി ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
World Press Freedom Index: India ranks 157th, US 64th; UN says global situation is pathetic















