ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ കേരള സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്. ദുരന്തത്തിനു കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്കണമെന്നും ഭൂപേന്ദ്രയാദവ് വ്യക്തമാക്കി.
അനധികൃത മനുഷ്യവാസത്തിന് പ്രാദേശിക രാഷ്ട്രീയക്കാര്‍ നിയമ വിരുദ്ധമായ സംരക്ഷണം നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ അവർ ശരിയായ സോണുകൾ പോലും ഉണ്ടാക്കിയിട്ടില്ല. അവർ ഈ പ്രദേശത്ത് കയ്യേറ്റത്തിന് അനുമതി നല്കി. വളരെ ദുർബലമായ പ്രദേശമാണിത്.
വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങൾക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
‘‘പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇവിടെ നിയമവിരുദ്ധമായി മനുഷ്യവാസം നടത്തുന്നത്. ഈ മേഖലയിൽ അവർ കയ്യേറ്റങ്ങൾ അനുവദിച്ചു. ഇതു വളരെ സെൻസിറ്റീവായ മേഖലയാണ്. മുൻ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്രം പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവർ സംസ്ഥാന സർക്കാരുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവിടെ അനധികൃത കയ്യേറ്റവും ഖനനവും നടക്കുന്നുണ്ട്. ഇക്കോസെൻസിറ്റീവ് സോണുകൾക്കായി കേരള സർക്കാർ ഒരു പദ്ധതി തയാറാക്കണം. സംസ്ഥാനത്തിന്റെ റിപ്പോർട്ട് സഞ്ജയ് കുമാറിന് നൽകണം. ദീർഘനാളുകളായി ഈ കമ്മിറ്റിയെ സംസ്ഥാന സർക്കാർ ഒഴിവാക്കുകയായിരുന്നു,’’ അദ്ദേഹം പറഞ്ഞു.