‘തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തണം’; കേന്ദ്രമന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ച് കേന്ദ്രമന്ത്രി എൽ. മുരുകൻ

കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനം രാജിവച്ചു. രാജ്യസഭാംഗത്വവും രാജിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുനൽകി. തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തകരോടൊപ്പം നിന്ന് സംഘടനയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്ന് മുരുകൻ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. “രാജ്യമാണ് ആദ്യം, പാർട്ടി അടുത്തത്, വ്യക്തിതാൽപര്യങ്ങൾ അവസാനം” എന്നും അദ്ദേഹം കുറിച്ചു.

മുരുകന്റെ രാജിയോടെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായി. നേരത്തേ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും രവ്‌നീത് സിങ് ബിട്ടുവും ജൂൺ, ജൂലൈ മാസങ്ങളിൽ രാജിവച്ചിരുന്നു.

മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷനായ മുരുകൻ മധ്യപ്രദേശിൽനിന്നാണ് രാജ്യസഭയിലെത്തിയത്. 2030 വരെയായിരുന്നു അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി. 2020ൽ തമിഴ്‌നാട് ബിജെപി അധ്യക്ഷനായ അദ്ദേഹം 2021 ജൂലൈയിൽ കേന്ദ്രമന്ത്രിസഭയിലെത്തി. പിന്നീട് കെ. അണ്ണാമലൈയാണ് തമിഴ്‌നാട്ടിൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ (എബിവിപി) വിദ്യാർഥി രാഷ്ട്രീയത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാമക്കലിൽ തെലുങ്ക് സംസാരിക്കുന്ന മാതാപിതാക്കൾക്ക് ജനിച്ച മുരുകൻ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടയാളാണ്. സാധാരണക്കാരായ കുടുംബത്തിൽനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് എത്തിയതിലുള്ള നന്ദിയും അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കത്തിൽ രേഖപ്പെടുത്തി.

“ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽനിന്നല്ല വരുന്നത്. വളരെ ദരിദ്രമായ കുടുംബത്തിലാണ് ജനിച്ചത്. ദിവസക്കൂലിക്ക് ജോലി ചെയ്തും കന്നുകാലികളെ മേയ്ച്ചും ജീവിച്ച എന്റെ മാതാപിതാക്കൾ ഇപ്പോഴും കോണൂർ ഗ്രാമത്തിൽ ലളിതമായ ജീവിതം നയിക്കുകയാണ്. അവരുടെ മകൻ ഒരുനാൾ കേന്ദ്രസർക്കാരിൽ സേവനമനുഷ്ഠിക്കുമെന്ന് അവർക്ക് ഒരിക്കലും സങ്കൽപ്പിക്കാനാകുമായിരുന്നില്ല,” എന്നും മുരുകൻ കത്തിൽ കുറിച്ചു.

L Murugan resigns as union minister, Rajya Sabha member: ‘Want to strengthen BJP in Tamil Nadu’

More Stories from this section

family-dental
witywide