
റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ 353 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. ഒരു വശത്ത് കടപുഴകാൻ സമ്മതിക്കാതെ ജോ റൂട്ട് നങ്കൂരമിട്ടപ്പോൾ മറുവശത്തെ വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടിയത്. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനം 7ന് 302 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും സ്പിന്നർ രവീന്ദ്ര ജഡേജയാണ് പിഴുതത്. മൊത്തം 4 വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് ഇംഗ്ലണ്ട് ആദ്യ ദിനം ഭേദപ്പെട്ട നിലയിലാണ് കളിയവസാനിപ്പിച്ചത്. ആദ്യ ദിനം 7 വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലായിരുന്ന ഇംഗ്ലിഷ് പോരാളികൾക്ക് ഇന്ന് 3 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഒലി റോബിൻസൻ (58) അർധ സെഞ്ചറി നേടിയതു മാത്രമാണ് രണ്ടാം ദിനം ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്. വാലറ്റത്ത് ഷോയിബ് ബഷീറും ജയിംസ് ആൻഡേഴ്സനും റണ്ണൊന്നുമെടുക്കാതെ കീഴടങ്ങിയപ്പോൾ, സെഞ്ചുറി നേടിയ ജോ റൂട്ട് തല ഉയർത്തി മടങ്ങി.
അരങ്ങേറ്റ ടെസ്റ്റ് കളിച്ച പേസർ ആകാശ് ദീപിന്‍റെ സ്വപ്ന സ്പെല്ലാണ് ആദ്യദിനം ഇംഗ്ലണ്ടിന്‍റെ തകർത്തതെങ്കിൽ രണ്ടാം ദിനം ആ ചുമതല ജഡേജ ഏറ്റെടുക്കുകയായിരുന്നു. ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആർ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.
India vs England 4th Test Live Score Joe Root stays unbeaten on 122 as India bowl out England for 353