ഡൽഹി: രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. സെപ്തംബർ 2 ന് ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിലായിരുന്നു ജഡേജയുടെ എൻട്രി. ബിജെപി എം.എൽ.എയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
അംഗത്വം സ്വീകരിച്ച ശേഷമുള്ള ജഡേജയുടെ അംഗത്വ കാർഡിന്റെ ചിത്രങ്ങൾ റിവാബ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തൻ്റെയും ജഡേജയുടെയും ബിജെപി അംഗത്വ കാർഡുകൾക്കൊപ്പമുള്ള ചിത്രങ്ങളും റിവാബ തൻ്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെ രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തിൻ്റെ നിരവധി ആരാധകരെയും അനുയായികളെയും പ്രചോദിപ്പിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
സെപ്തംബർ 2 ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് അംഗത്വ ഡ്രൈവിന് തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 2 കോടി പ്രാഥമിക അംഗങ്ങളെ ചേർക്കാനാണ് ഭാരതീയ ജനതാ പാർട്ടി ലക്ഷ്യമിടുന്നത്.
2019-ലാണ് റിവാബ ബിജെപിയിൽ ചേർന്നത്. 2022-ൽ ജാംനഗർ നിയമസഭാ സീറ്റിൽ നിന്ന് റിവാബ മത്സരിക്കുകയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, 2024 ജൂണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ വിജയിച്ചതിന് പിന്നാലെ 35 കാരനായ രവീന്ദ്ര ജഡേജ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.