
ന്യൂഡല്‍ഹി: പറന്നുയര്‍ന്നുടനെ അലാസ്‌ക എയര്‍ലൈന്‍സിന്റെ എക്‌സിറ്റ് വാതിലും തൊട്ടടുത്തുള്ള ആളില്ലാത്ത സീറ്റും തെറിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എയര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സുരക്ഷാ നിര്‍ദേശം.
നിലവില്‍ തങ്ങളുടെ സേവനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ ബോയിംഗ് 737-8 മാക്സ് വിമാനങ്ങളിലെയും എമര്‍ജന്‍സി എക്സിറ്റുകളില്‍ ഒറ്റത്തവണ പരിശോധന നടത്തണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്ത്യന്‍ എയര്‍ ഓപ്പറേറ്റര്‍മാരോട് നിര്‍ദ്ദേശിച്ചത്.
174 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ച അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന് എക്‌സിറ്റ് വാതിലും തൊട്ടടുത്തുള്ള ആളില്ലാത്ത സീറ്റും വായുവില്‍ തകര്‍ന്നുപോയതിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടിവന്ന സാഹചര്യം വിമാനയാത്രകള്‍ക്ക് ഇന്ന് ഭീതിയുണ്ടാക്കിയിരുന്നു.
അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-9 വിമാനത്തിലായിരുന്നു അപകടമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഒരു വിമാനക്കമ്പനികള്‍ക്കും ഈ ഗണത്തില്‍പ്പെടുന്ന വിമാനമില്ല. എങ്കിലും അധിക സുരക്ഷയുടെ ഭാഗമായി ബോയിംഗ് 737-8 മാക്‌സ് വിമാനങ്ങള്‍ പരിശോധിക്കാനാണ് ഡിജിസിഎ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സ് തങ്ങളുടെ മുഴുവന്‍ ബോയിംഗ് 737-9 വിമാന സര്‍വ്വീസുകളും നിലതാല്‍ക്കാലികമായി നിര്‍ത്തിവച്ചു. പൂര്‍ണമായ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം ഓരോ വിമാനങ്ങളും സര്‍വീസില്‍ തിരികെ കൊണ്ടുവരുമെന്ന് അലാസ്‌ക എയര്‍ലൈന്‍സ് സിഇഒ ബെന്‍ മിനിക്കുച്ചി പറഞ്ഞു.









