യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി; 1,200 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഫോൺ കോൾ

ഹൈദരാബാദ്: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ മുഹമ്മദിനെയാണ് കാണാതായത്. ഇതിനു പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ വന്നതായി അബ്ദുൾ മുഹമ്മദിന്റെ ഹൈദരാബാദിലുള്ള മാതാപിതാക്കൾ വെളിപ്പെടുത്തി. 1,200 ഡോളർ നൽകിയില്ലെങ്കിൽ മകന്റെ വൃക്ക വിൽക്കുമെന്നാണ് ഭീഷണി.

ഒഹായോയിലെ ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി കഴിഞ്ഞ മെയ് മാസത്തിലാണ് ഹൈദരാബാദ് സ്വദേശിയായ 25 കാരൻ യുഎസിൽ എത്തിയത്.

മാർച്ച് 7 മുതൽ അബ്ദുൾ മുഹമ്മദ് തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് കുടുംബം അവകാശപ്പെടുന്നു.

മകനെ ക്ലീവ്‌ലാൻഡിൽ മയക്കുമരുന്ന് വിൽപ്പനക്കാർ തട്ടിക്കൊണ്ടുപോയതായി അറിയിച്ചു അബ്ദുളിൻ്റെ പിതാവ് മുഹമ്മദ് സലീമിന് കഴിഞ്ഞയാഴ്ച അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു.

മകനെ മോചിപ്പിക്കാൻ1200 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും പണം നൽകുന്നതിനെക്കുറിച്ചൊന്നും വിളിച്ചയാൾ വ്യക്തമാക്കിയില്ല. പണം നൽകാൻ വിസമ്മതിച്ചാൽ വിദ്യാർത്ഥിയുടെ വൃക്ക മാഫിയക്ക് വിൽക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറഞ്ഞു.

തുടർന്ന് മാതാപിതാക്കൾ യുഎസിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ ക്ലീവ്‌ലാൻഡ് പോലീസിൽ പരാതി നൽകുകയും ചെയ്തു. വെള്ള ടീ ഷർട്ടും ചുവന്ന ജാക്കറ്റും നീല ജീൻസുമാണ് മുഹമ്മദ് ധരിച്ചിരുന്നതെന്ന് പോലീസ് വാച്ച് ഓർഡറിൽ പറഞ്ഞു.

ഇയാളെ കണ്ടെത്തുന്നതിനായി കുടുംബം ചിക്കാഗോയിലെ ഇന്ത്യൻ കൗൺസിലിനും കത്തെഴുതിയിട്ടുണ്ട്.