യുഎസ് F-1 വിസ: ഏജന്റിന് അധികം 20,000 രൂപ നൽകാത്തതിന് അഭിമുഖ തീയതി റദ്ദാക്കിയെന്ന് ഇന്ത്യൻ വിദ്യാർഥി

യുഎസ് F-1 വിസ അഭിമുഖത്തിനായി ഏജന്റ് അധികമായി 20,000 രൂപ ആവശ്യപ്പെട്ടെന്നും തുക നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒക്ടോബർ 19ലെ അഭിമുഖ തീയതി റദ്ദാക്കിയെന്നും ഇന്ത്യൻ വിദ്യാർഥിയുടെ വെളിപ്പെടുത്തൽ. റെഡിറ്റിലൂടെയാണ് വിദ്യാർഥി ഇക്കാര്യം പങ്കുവച്ചത്. യുഎസ് സർവകലാശാലയിൽ പഠനത്തിനായി പോകാനൊരുങ്ങുന്ന വിദ്യാർഥിയുടെ I-20ൽ 2026 ഓഗസ്റ്റ് 31 ആയിരുന്നു ആദ്യം പഠനം ആരംഭിക്കുന്ന തീയതിയായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിന് മുമ്പ് വിസ അഭിമുഖ തീയതി ലഭിക്കാത്തതിനാൽ പ്രവേശനം 2027 ജനുവരിയിലേക്ക് മാറ്റേണ്ടിവരുമെന്ന് ഏജന്റ് അറിയിച്ചതായി വിദ്യാർഥി പറഞ്ഞു.

പിന്നീട് ഒക്ടോബർ 19ന് വിസ അഭിമുഖത്തിനുള്ള തീയതി ലഭിച്ചതായി ഏജന്റ് അറിയിച്ചു. എന്നാൽ ഇതിനായി 20,000 രൂപ അധികമായി നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. തുക നൽകാൻ വിസമ്മതിച്ചപ്പോൾ തീയതി റദ്ദാക്കുമെന്ന് ഏജന്റ് പറഞ്ഞെന്നും പിന്നീട് യഥാർഥത്തിൽ റദ്ദാക്കി അതിന്റെ സ്ഥിരീകരണ സന്ദേശം ലഭിച്ചെന്നും വിദ്യാർഥി പറഞ്ഞു. ഔദ്യോഗിക യുഎസ് വിസ ഷെഡ്യൂളിങ് വെബ്സൈറ്റിൽ അപേക്ഷ ഇപ്പോഴും ‘ഓപ്പൺ’ എന്നാണ് കാണിക്കുന്നത്. പോസ്റ്റ് മുംബൈയാണെന്നും നിലവിൽ പുതിയ അഭിമുഖ തീയതികളൊന്നും ലഭ്യമല്ലെന്നും വിദ്യാർഥി പറഞ്ഞു. SEVIS ഫീസും ഇതുവരെ അടച്ചിട്ടില്ല. I-20യിൽ ഇപ്പോഴും 2026 ഓഗസ്റ്റ് 31 തന്നെയാണ് പഠനം ആരംഭിക്കുന്ന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ പഠനം 2027 ജനുവരിയിലേക്ക് മാറ്റണമെന്നാണ് ഏജന്റ് നിർദേശിച്ചതെന്നും വിദ്യാർഥി വ്യക്തമാക്കി. ഏജന്റിന്റെ സേവനം തുടരണോ, അഭിമുഖ തീയതി സ്വയം നേടാൻ ശ്രമിക്കണോ, ജനുവരിയിലെ പ്രവേശനത്തിനായി സർവകലാശാലയിൽ നിന്ന് പുതിയ I-20 വാങ്ങണോ എന്നതിൽ ആശയക്കുഴപ്പത്തിലാണെന്നും വിദ്യാർഥി പറഞ്ഞു. ഔദ്യോഗിക വിസ ഫീസല്ലെങ്കിൽ ഏജന്റിന് അധികമായി 20,000 രൂപ നൽകാനും താൽപര്യമില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വിവരമനുസരിച്ച് F, M, J വിഭാഗങ്ങളിലെ വിസകൾക്കുള്ള അപേക്ഷാ പ്രോസസ്സിങ് ഫീസ് 185 ഡോളറാണ്. F-1 വിസ അപേക്ഷകർ സാധാരണയായി വിസ അനുവദിക്കുന്നതിന് മുമ്പ് I-901 SEVIS ഫീസും അടയ്ക്കണം. ഇത് വിസ അപേക്ഷാ ഫീസിൽ നിന്ന് വ്യത്യസ്തമാണ്. F-1 വിസ അഭിമുഖത്തിനായി 20,000 രൂപയുടെ പ്രത്യേക ‘അപ്പോയിന്റ്മെന്റ് ഫീസ്’ യുഎസ് സർക്കാർ നിശ്ചയിച്ചിട്ടില്ല. അധിക തുക ആവശ്യപ്പെടുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ പണം നൽകരുതെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുമായി പ്രത്യേക ബന്ധമുണ്ടെന്നും പണം നൽകിയാൽ വിസ, ഗ്രീൻ കാർഡ്, വർക്ക് പെർമിറ്റ് എന്നിവ വേഗത്തിൽ ലഭ്യമാക്കാമെന്നും അവകാശപ്പെടുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും USCIS മുന്നറിയിപ്പ് നൽകി.

ഇമിഗ്രേഷൻ നടപടികൾക്കായി പ്രതിനിധിയെ നിർബന്ധമായും നിയോഗിക്കേണ്ടതില്ലെന്നും അപേക്ഷകർക്ക് USCIS ഫോമുകൾ സ്വയം സമർപ്പിക്കാമെന്നും USCIS വ്യക്തമാക്കുന്നു. പ്രതിനിധിയെ നിയോഗിക്കുന്നവർ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അംഗീകരിച്ച സംഘടനയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനോ അംഗീകൃത പ്രതിനിധിയോ ആണെന്ന് ഉറപ്പാക്കണമെന്നും USCIS നിർദേശിച്ചിട്ടുണ്ട്. അതേസമയം, കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ വിസ അഭിമുഖ തീയതികൾ ലഭിക്കുന്നത് ഏജന്റുമാർ വഴിയാണെന്നും സ്വയം തീയതി നേടാൻ മറ്റ് മാർഗങ്ങളില്ലെന്നും നിരവധി റെഡിറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

US F-1 visa: Indian student claims October interview date got canceled for refusing to pay agent extra ₹20,000

More Stories from this section

family-dental
witywide