ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ടുമാസങ്ങള്‍ക്കുശേഷം വിധി, ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി

റാഞ്ചി: റാഞ്ചി ജില്ലയിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ഫെബ്രുവരി 28 ന്, ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് തുടര്‍ച്ചയായി രണ്ട് ദിവസത്തെ വിപുലമായ വാദം കേട്ടതിന് ശേഷം വിഷയത്തില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു. പിന്നീട് 66 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഉത്തരവ് വന്നത്.

വിധി വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഏപ്രില്‍ 25 ന് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സോറന്റെ ജാമ്യാപേക്ഷയില്‍ മെയ് ആറിനകം ഏജന്‍സിയുടെ എതിര്‍ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. സോറന്‍ സുപ്രീം കോടതിയെ സമീപിച്ച് എട്ട് ദിവസത്തിന് ശേഷമാണ് ഉത്തരവ് വന്നത്.

ജനുവരി 31 നാണ് ഗോത്രവര്‍ഗക്കാരുടെ ഭൂമിയുടെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോറന്‍ ഇഡി അറസ്റ്റിലായത്.