
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ നിന്നുള്ള കൂടുതൽ ആളുകൾ അമേരിക്കയിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഭണതലത്തിലേക്ക് എത്തണമെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ്. രാജ്യത്ത് ധാരാളം ഇന്ത്യൻ വംശജർ ഉണ്ടെന്നും എന്നാൽ വളരെ കുറച്ചുപേർ മാത്രമേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുള്ളുവെന്നും കമല ഹാരിസ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ തിങ്ക് ടാങ്ക് ആയ ‘ഇന്ത്യൻ അമേരിക്കൻ ഇംപാക്ടി’ൻ്റെ വാർഷിക ഉച്ചകോടിയായ ‘ദേസീസ് ഡിസൈഡിലാണ്’ കമല ഹാരിസ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാജ്യത്തുടനീളമുള്ള ഇന്ത്യൻ അമേരിക്കക്കാർക്ക് ധനസഹായം നൽകുന്ന ഉച്ചകോടിയാണിത്.
“വർഷങ്ങളായി, തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇന്ത്യൻ അമേരിക്കക്കാരുടെ കൂടുതൽ പങ്കാളിത്തം ഉണ്ട്. എന്നാൽ കമ്മ്യൂണിറ്റിയിലെ ജനസംഖ്യ വർധിച്ചു വരുമ്പോഴും അതിനൊക്ക വണ്ണം ആളുകൾ മത്സരത്തിന് ഇറങ്ങുന്നില്ല, ”ഹാരിസ് വാഷിംഗ്ടൺ ഡിസിയിൽ നിരവധി ഇന്ത്യൻ അമേരിക്കക്കാർ അടങ്ങുന്ന ഒരു സദസ്സിനോട് പറഞ്ഞു.
നിലവിൽ, ഡോ അമി ബേര, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദർ എന്നിങ്ങനെ അഞ്ച് ഇന്ത്യൻ അമേരിക്കക്കാർ മാത്രമേ കോൺഗ്രസിൽ ഉള്ളൂ. 2020-ൽ കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കക്കാരുടെ എണ്ണം 10 ആയി ഉയരുമെന്ന് വിശ്വസിക്കുന്നതായി ഇംപാക്ട് നേരത്തെ പറഞ്ഞിരുന്നു.














