ലോസ് ആഞ്ചലസ്: മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും ഭർത്താവ് ഡഗ് എംഹോഫിന്റെയും മാലിബുവിലെ 81.5 ലക്ഷം ഡോളർ വിലമതിക്കുന്ന വസതിയിൽ അജ്ഞാതയായ സ്ത്രീ രണ്ടുതവണ എത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. ഹാരിസിന്റെയും എംഹോഫിന്റെയും വീട്ടിന് പുറത്തായി ഒരു സ്ത്രീ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരിഫ് വിഭാഗം സ്ഥലത്തെത്തി.
യൂബർ വാഹനത്തിൽ നിന്ന് ഇറങ്ങിയ സ്ത്രീ വീട്ടിലെത്തിയതെന്നും തുടർന്ന് സുരക്ഷാ ജീവനക്കാരുമായി ബന്ധപ്പെട്ടെന്നും ഷെരിഫ് വിഭാഗം വക്താവ് പറഞ്ഞു. വീട്ടിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചതോടെ അവർ അവിടെനിന്ന് പോയി. എന്നാൽ പിന്നീട് വീണ്ടും എത്തിയതോടെയാണ് സുരക്ഷാ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ റിപ്പോർട്ട് രേഖപ്പെടുത്തിയെങ്കിലും സ്ത്രീയെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്തിട്ടില്ല. അവർ എന്തിനാണ് വീട്ടിലെത്തിയതെന്ന കാര്യവും വ്യക്തമല്ല.
സംഭവസമയത്ത് കമല ഹാരിസോ ഡഗ് എംഹോഫോ വീട്ടിലുണ്ടായിരുന്നില്ലെന്ന് ഹാരിസിന്റെ വക്താവ് എഡ്വാർഡോ നെഗ്രോൺ അറിയിച്ചു. വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് അനധികൃതമായി സ്വത്ത്‌വകയിൽ പ്രവേശിച്ച ഒരാളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതായും അദ്ദേഹം പറഞ്ഞു. വേഗത്തിൽ പ്രതികരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കും നിയമപാലകർക്കും ഹാരിസും എംഹോഫും നന്ദിയുള്ളവരാണെന്നും നെഗ്രോൺ വ്യക്തമാക്കി.
ഈ വർഷം ജനുവരിയിലാണ് കമല ഹാരിസ് മാലിബുവിലെ വീട് 81.5 ലക്ഷം ഡോളറിന് (ഏകദേശം 68 കോടി രൂപ) വാങ്ങിയത്. നാല് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളുമുള്ള വീട് മുക്കാൽ ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. നീന്തൽക്കുളം, ഇൻ-ഗ്രൗണ്ട് സ്പാ, ഫയർ പിറ്റ്, ഗേറ്റഡ് എൻട്രി എന്നിവയ്ക്കൊപ്പം പസഫിക് സമുദ്രത്തിന്റെ മനോഹരമായ കാഴ്ചയും ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കമല ഹാരിസിനുള്ള സീക്രട്ട് സർവീസ് സുരക്ഷ പിൻവലിച്ചിരുന്നു. മുൻനിര എക്സിക്യൂട്ടീവ് ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേർക്കും ലഭിക്കുന്ന സുരക്ഷാ പരിരക്ഷയാണ് ഇതോടെ ഹാരിസിന് നഷ്ടമായത്.
Mystery woman twice visits Kamala Harris’ Malibu mansion, police called











