കമല ഹാരിസിന്റെ ‘ശാപമോ’; തുർക്കിയോട് യുഎസ് തോറ്റതിന് പിന്നാലെ വൈറലായി വിചിത്ര പ്രചാരണം

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തുർക്കിയോട് അമേരിക്ക 3-2ന് പരാജയപ്പെട്ടതിന് പിന്നാലെ മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിചിത്ര പ്രചാരണം. മത്സരത്തിനിടെ കമല ഹാരിസ് പങ്കുവെച്ച ഒരു ചിത്രമാണ് ‘കമലയുടെ ശാപം’ എന്ന പേരിൽ ട്രോളുകൾക്കും ആരോപണങ്ങൾക്കും വഴിവെച്ചത്.

സഹ ആതിഥേയരായ അമേരിക്കയെ മത്സരത്തിന്റെ അവസാന നിമിഷത്തിൽ കാൻ അയ്ഹാൻ നേടിയ ഗോളിലൂടെയാണ് തുർക്കി 3-2ന് തോൽപ്പിച്ചത്. എന്നാൽ പരാഗ്വേയെയും ഓസ്ട്രേലിയയെയും നേരത്തെ തോൽപ്പിച്ചതിനാൽ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയ അമേരിക്ക പ്രീക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയിരുന്നു. അടുത്ത മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയാണ് എതിരാളികൾ. ഓസ്ട്രേലിയക്കും പരാഗ്വേക്കുമെതിരെ തുടർച്ചയായി തോറ്റതോടെ തുർക്കി നേരത്തെ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

മത്സരത്തിനിടെ ഭർത്താവ് ഡഗ് എംഹോഫിനൊപ്പമുള്ള ചിത്രം കമല ഹാരിസ് ‘Goal!’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തുർക്കി ലീഡ് നേടിയതോടെയാണ് ചിലർ ഇതിനെ ‘കമലയുടെ ശാപം’ എന്ന് വിശേഷിപ്പിച്ച് പ്രചാരണം ആരംഭിച്ചത്.‘കമലയുടെ ശാപം’, ‘അവർ സ്റ്റേഡിയത്തിലെത്തിയതുകൊണ്ടാണ് അമേരിക്ക തോറ്റത്’ തുടങ്ങിയ നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ RT ഉൾപ്പെടെ ചില അക്കൗണ്ടുകളും സമാന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു.

അതേസമയം, മത്സരഫലത്തിന് കമല ഹാരിസുമായി യാതൊരു ബന്ധവുമില്ലെന്നും പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരിശീലകൻ മൗറിസിയോ പോച്ചറ്റീനോയുടെ ടീം റൊട്ടേഷനാണ് മത്സരത്തെ സ്വാധീനിച്ചതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. ക്രിസ്റ്റ്യൻ പുലിസിച്ച്, ഫോളറിൻ ബാലോഗൺ, സെർജിന്യോ ഡെസ്റ്റ് എന്നിവരെ വിശ്രമിപ്പിച്ചാണ് അമേരിക്ക മത്സരത്തിനിറങ്ങിയത്. പരാജയപ്പെട്ടെങ്കിലും അമേരിക്കയുടെ ലോകകപ്പ് യാത്ര തുടരുകയാണ്. അടുത്ത ഘട്ടത്തിലെ മത്സരങ്ങൾ മുന്നിൽക്കണ്ട് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ടീമിലെ മാറ്റങ്ങളെന്നാണ് വിലയിരുത്തൽ.

Kamala Harris ‘curse’ caused US to lose FIFA World Cup against Turkey: Bizarre claims made as ex-VP’s photo goes viral