
ന്യൂഡല്‍ഹി: നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വെച്ച് മര്‍ദിച്ചെന്ന ആരോപണത്തില്‍ സി.ഐ.എസ്.എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. ഇന്നലെ ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി. പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, കുല്‍വീന്ദര്‍ കൗറിനും കുടുംബത്തിനും പഞ്ചാബില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും ആവശ്യമുണ്ട്. നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലര്‍ക്കും എതിരെ കങ്കണ മോശം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന കര്‍ഷകര്‍ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുന്‍ പ്രസ്താവനയാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കങ്കണയുടെ പരാതിയില്‍ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു.