
ന്യൂഡല്‍ഹി: ലോക്‌സഭ ചേര്‍ന്ന ഉടനെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയതോടെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം അങ്ങനെ പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായി മാറി. സഭയ്ക്കകത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചതോടെയാണ് ലോക്‌സഭ പിരിഞ്ഞത്.
ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എംപിമാര്‍ മാര്‍ച്ച് നടത്തി. ‘ഐ ആം അംബേദ്കര്‍’ എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി, മുദ്രാവാക്യം മുഴക്കിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച് നടന്നത്.
പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം നടത്തരുതെന്ന് കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു പ്രതിഷേധം. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ എംപിമാരും പ്രതിഷേധം നടത്തി. തുടര്‍ന്ന് പാര്‍ലമെന്റിന് അകത്തേക്ക് ഭരണ-പ്രതിപക്ഷ എംപമാര്‍ പ്രവേശിച്ചു. സഭ തുടങ്ങിയതോടെ വീണ്ടും മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടര്‍ന്നു. ഇതോടെ ലോക്‌സഭ പിരിഞ്ഞു. രാജ്യസഭാ നടപടികളും അവസാനിച്ചു. ഇതോടെ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചു.