ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച ? ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ സമിതി യോഗം

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഇന്നാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ സമിതി യോഗം ചേരുന്നത്.

മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 14 ന് രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് അന്തിമരൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മുമ്പ്, മാര്‍ച്ച് 15 വെള്ളിയാഴ്ച യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞയാഴ്ച അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയെയും ഫെബ്രുവരി 14 ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിനെയും തുടര്‍ന്നാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് ഒഴിവുകള്‍ വന്നത്. പുതിയ ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ പാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷന്‍, ഒരു കേന്ദ്രമന്ത്രിയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിയും പാനലില്‍ അംഗങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ രാഷ്ട്രപതി നിയമിക്കും.