
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റ് ചിത്രം വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. മാറ്റിനി നൗവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബർ മാസം സിനിമ റിലീസ് ചെയ്യും.
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ. 2000തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടന്‍ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടന്‍.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവാദങ്ങൾ പുകയുന്നതിനിടെയാമ് വല്യേട്ടന്റെ റീ റിലീസ്. കഴിഞ്ഞദിവസമാണ് റിപ്പോർട്ടിന്മേലുള്ള മമ്മൂട്ടിയുടെ പ്രതികരണം പുറത്തുവന്നത്. സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. റിപ്പോർട്ട് പുറത്തുവന്ന് 13 ദിവസം പിന്നിടുമ്പോഴാണ് മമ്മൂട്ടിയുടെ പ്രതികരണം. ഇതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.