മനീഷ് സിസോദിയക്ക് തിരിച്ചടി: മദ്യനയ കേസില്‍ ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയാണ് ജാമ്യം നിഷേധിച്ചത്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു.

അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയുടെയും ഇഡിയുടെയും അന്വേഷണം മനീഷ് സിസോദിയ നേരിടുന്നുണ്ട്. ഡല്‍ഹി മദ്യ നയം പരിഷ്‌ക്കരിക്കുമ്പോള്‍ ക്രമക്കേടുകള്‍ നടന്നതായും ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയതായും സിബിഐയും ഇഡിയും ആരോപിക്കുന്നു.

2023 ഫെബ്രുവരി 26 നാണ് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. 2023 മാര്‍ച്ച് 9 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.