എത്തി, അതും അമേരിക്കയിൽ നിന്ന് എത്തിച്ചു! തിരുവനന്തപുരം മൃഗശാലയിലെ പെൺ സിംഹത്തിന് ആശ്വാസം; ‘സെഫോവേസിൻ’ മരുന്ന് എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആറ് വയസ്സുള്ള ഗ്രെയ്‌സി എന്ന പെൺ സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് മരുന്ന് ഇറക്കുമതി ചെയ്തു. വർഷങ്ങളായി മരുന്നുകളോട് പ്രതികരിക്കാത്ത ‘ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ്’ എന്ന ത്വക്ക് രോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സയ്ക്കായി മരുന്ന് ഇറക്കുമതി ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.

അമേരിക്കൻ നിർമിത മരുന്നായ ‘സെഫോവേസിൻ’ എന്ന അതി നൂതന ആന്റിബയോട്ടിക് ആണ് ‘സൊയെറ്റിസ്‌’ എന്ന കമ്പനി വഴി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകൾ ആണ് എത്തിച്ചത്. പുതിയ ചികിത്സ ആരംഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു.തിരുവനന്തപുരം മൃഗശാലയിൽ തന്നെ ഉണ്ടായിരുന്ന ആയുഷ്, ഐശ്വര്യ എന്നീ സിംഹങ്ങളുടെ കുട്ടി ആണ് ഗ്രെയ്‌സി. ജന്മനാ പിൻകാലുകൾക്ക് സ്വാധീനം കുറവായതിനാൽ പ്രത്യേക പരിചരണം നൽകിയാണ് ഗ്രെയ്‌സിയെ വളർത്തിയെടുത്തത്.

രോഗം ഭേദമാകുന്ന മുറയ്ക്ക് ഗ്രെയ്‌സിയെ ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയുമായി കൈമാറ്റം നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പകരമായി മറ്റൊരു പെൺ സിംഹത്തിനെ വെണ്ടല്ലൂർ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കും. ‘ബ്ളഡ് ലൈൻ എക്സ്ചേഞ്ച്’ എന്ന ഈ പ്രക്രിയയിലൂടെ കൂടുതൽ ജനിതക ഗുണമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ആണ് ഇത്തരം കൈമാറ്റങ്ങൾ ചെയ്യുന്നത്.

More Stories from this section

family-dental
witywide