ഒറ്റരാത്രികൊണ്ട് ജീവനുംകൊണ്ടോടി ഫ്‌ളോറിഡക്കാര്‍; മില്‍ട്ടന്‍ ഇന്ന് കരതൊടും, മുന്‍കരുതലുകള്‍ ശക്തമാക്കി ഭരണകൂടം

റ്റാംപ: മില്‍ട്ടന്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയെ ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടിലേറെയായി ഒരു വലിയ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം സഹിച്ചിട്ടില്ലാത്ത ടാംപാ ബേ മേഖലയില്‍ ബുധനാഴ്ച ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേയര്‍ ജെയ്ന്‍ കാസ്റ്റര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഇവിടെ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍, ‘നിങ്ങള്‍ മരിക്കാന്‍ പോകുകയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രസിഡന്റ് ബൈഡന്‍ അടക്കം മുന്നറിയിപ്പ് നല്‍കിയതോടെ മില്‍ട്ടന്‍ ഭയന്നോടുകയാണ് റ്റാംപയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലും അടക്കമുള്ളവര്‍.

മില്‍ട്ടന്‍ കനത്ത ആഘാതം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ന് ചുഴലിക്കാറ്റ് എത്താനിരിക്കെ ഒറ്റരാത്രികൊണ്ട് ഭയചകിതരായ ഫ്‌ളോറിഡക്കാര്‍ സുരക്ഷ തേടി ജീവനുംകൊണ്ട് നാട് വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുന്നു. സംസ്ഥാനത്തെ പ്രധാന ഹൈവേകളില്‍ കിലോമീറ്ററുകളോളം നീളമുള്ള കാറുകളുടെ ക്യൂവാണ് കാണപ്പെടുന്നത്. പ്രദേശവാസികള്‍ സംസ്ഥാനത്തിന് പുറത്തും മയാമിയിലും അഭയം തേടുന്നതിനാല്‍ വടക്കും തെക്കുമുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

റ്റാംപ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, ഒര്‍ലാന്‍ഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഇതിനകം തന്നെ വിമാന സര്‍വീസ് നിര്‍ത്തിവച്ചു. ഇതോടെ വിമാനം മാര്‍ഗം രക്ഷപ്പെടാനുള്ള സാധ്യതയും ഇല്ലാതായി. ഇതാണ് നിരത്തുകളിലെ തിരക്കിലേക്ക് നയിച്ചത്. മാത്രമല്ല, പരിഭ്രാന്തരായ ജനം അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടുന്നുമുണ്ട്. കുപ്പിവെള്ളം, ടോയ്ലറ്റ് പേപ്പറും ഉള്‍പ്പെടെ എന്നിവയാണ് ഇത്തരത്തില്‍ വ്യാപകമായി ആളുകള്‍ വാങ്ങുന്നത്.

പ്രാദേശിക പെട്രോള്‍ പമ്പുകളില്‍ ഇന്ധനം തീര്‍ന്നുവെന്നും പരാതിയുണ്ട്. എന്നാല്‍, ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ ഇന്ധനം എത്തിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഫ്‌ളോറിഡ നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

കാറ്റഗറി 4 ല്‍ ആണ് വിദ്ഗധര്‍ മില്‍ട്ടന്‍ ചുഴലിക്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് മില്‍ട്ടന്‍ വളരെയധികം ശക്തി പ്രാപിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വ്യാപകമായ നാശം വരുത്താനുള്ള ശേഷി വളരെയധികം വര്‍ധിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

More Stories from this section

family-dental
witywide