കലയുടേത് കൊലപാതകം, തെളിവുകളുണ്ട്; സ്ഥിരീകരിച്ച് പൊലീസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ആലപ്പുഴ: മാന്നാറിൽ പതിനഞ്ച് വർഷം മുമ്പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കലയുടെ ഭർത്താവ് അനിൽ കുമാർ തന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു.

അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി എസ്പി പറഞ്ഞു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ അനിൽ കുമാർ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

“നിലവില്‍ അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് അനിലുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. അനിലിനെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിട്ടിയവിവരം. തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനുള്ള കേസെടുത്തിട്ടുള്ളത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ,” ആലപ്പുഴ എസ്പി പറഞ്ഞു.

More Stories from this section

family-dental
witywide