
പുനെ: പൂനെയില്‍ പതിനേഴുകാരന്‍ ഓടിച്ച ആഢംബരകാറിടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരൻ മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ മകന്റെ രക്തസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നൽകിയ കേസിലാണ് അറസ്റ്റെന്ന് പുനെ പൊലീസ് കമ്മിഷണർ അമൃതേഷ് കുമാർ പറഞ്ഞു.
ആദ്യം കൗമാരക്കാരന്റേത് എന്ന നിലയിൽ പരിശോധിച്ച രക്തം ശിവാനി അഗർവാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.
മേയ് 19 നാണ് അപകടം നടന്നത്. ഇതിനു പിന്നാലെ 17കാരന്‍ മദ്യപിച്ചിരുന്നോ എന്നതടക്കം കണ്ടെത്താനായി ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് രക്തസാമ്പിളും ശേഖരിച്ചു. എന്നാല്‍, ഇയാളുടെ പിതാവും ഇടനിലക്കാരനും ഡോക്ടര്‍മാരെ സ്വാധീനിച്ച് വൈദ്യപരിശോധനയില്‍ കൃത്രിമം കാട്ടിയതായാണ് കണ്ടെത്തല്‍.
പതിനേഴുകാരന്റെ രക്തസാമ്പിളിന് പകരം അമ്മയായ ശിവാനി അഗര്‍വാളിന്റെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്നും തുടര്‍ന്ന് ഇവർക്ക് അനുകൂലമായ വൈദ്യപരിശോധനാ ഫലം നല്‍കിയെന്നുമാണ് പൊലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് സംഭവസമയത്ത് പതിനേഴുകാരൻ മദ്യപിച്ചിട്ടില്ലെന്ന വൈദ്യപരിശോധന ഫലമാണ് കിട്ടിയതെന്നും പൊലീസ് പറയുന്നു.
ശിവാനി അഗര്‍വാള്‍ ഈസമയം ആശുപത്രിയിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുണെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ അജയ് താവഡെ, അത്യാഹിതവിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീഹരി ഹല്‍നോര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.









