പൂനെ പോര്‍ഷെ അപകടം : ഡ്രൈവറായ 17കാരന് 25 വയസ്സ് വരെ വാഹനമോടിക്കുന്നതിന് വിലക്ക്

പൂനെ: പൂനെയിലെ കല്ല്യാണി നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ഉണ്ടായ അപകടത്തില്‍ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഇനിയും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. പോര്‍ഷെ വാഹനം അമിത വേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ 17 കാരന് 25 വയസ്സ് വരെ വാഹനമോടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഐടി പ്രൊഫഷണലുകളെ മാരകമായി ഇടിച്ചുവീഴ്ത്തിയ 17കാരന് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നത് തടയുമെന്ന് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിവേക് ഭീമന്‍വര്‍ പറഞ്ഞു. 1,758 രൂപ ഉടമ ഫീസ് നല്‍കാത്തതിനാല്‍ പോര്‍ഷെ ടെയ്കാന്റെ സ്ഥിരം രജിസ്ട്രേഷന്‍ മാര്‍ച്ച് മുതല്‍ തീര്‍പ്പാക്കിയിരുന്നില്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് വാഹനം നിരത്തിലിറങ്ങിയിരുന്നത്.
അപകടമുണ്ടാക്കിയ ആഡംബര വാഹനം 12 മാസത്തേക്ക് ഒരു റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും (ആര്‍ടിഒ) രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിച്ചതിന് സെക്ഷന്‍ 185 പ്രകാരം കൗമാരക്കാരനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കൗമാരക്കാരനെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. അതിനിടെ, അപകടത്തിന് മുമ്പ് 17 കാരന്‍ മദ്യപിച്ച ബാറില്‍ നിന്നും 48,000 രൂപയുടെ ബില്‍ പോലീസ് പിടിച്ചെടുത്തു.

നേരത്തെ സെക്ഷന്‍ 304 പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നുവെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് പറഞ്ഞ് 14 മണിക്കൂറിനുള്ളില്‍ കോടതി കൗമാരക്കാരന് ജാമ്യം അനുവദിച്ചു. ഇത് വലിയ തരത്തിലുള്ള ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിയൊരുക്കിയിരുന്നു.

Also Read

More Stories from this section

family-dental
witywide