ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ‘അഫ്ഗാനില്‍ അല്‍ഖ്വയ്ദയെ രഹസ്യമായി നയിക്കുന്നു’

ന്യൂഡല്‍ഹി: 2011 ല്‍ കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹംസ തന്റെ സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദനൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ഖ്വയ്ദയെ രഹസ്യമായി നയിക്കുന്നുവെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്‍ വിരുദ്ധ സൈനിക സഖ്യമായ നാഷണല്‍ മൊബിലൈസേഷന്‍ ഫ്രണ്ട് (എന്‍എംഎഫ്) ഹംസയുടെയും കൂട്ടാളികളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘ഭീകരതയുടെ കിരീടാവകാശി’ എന്ന് വിളിക്കപ്പെടുന്ന ഹംസ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ 450 സ്‌നൈപ്പര്‍മാരുടെ നിരന്തരമായ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് എന്‍എംഎഫ് റിപ്പോര്‍ട്ട്. മാത്രമല്ല, 2021നു ശേഷം അഫ്ഗാനിസ്ഥാന്‍ ‘വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമായി’ മാറിയെന്ന് എന്‍എംഎഫ് മുന്നറിയിപ്പ് നല്‍കി. ഹംസ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ഖ്വയ്ദ വീണ്ടും സംഘടിക്കുകയും പാശ്ചാത്യ ലക്ഷ്യങ്ങള്‍ക്കെതിരായ ഭാവി ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പും അവര്‍ നല്‍കി.

ഹംസ ബിന്‍ ലാദനെ വധിച്ചതായി 2019 ല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തോട് പറഞ്ഞിരുന്നു. അഫ്ഗാന്‍ പാക് അതിര്‍ത്തിയില്‍ വെച്ച് കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം വന്നത്. എന്നാല്‍ അതേ ഹംസ ജീവിച്ചിരിക്കുന്നു എന്നത് അമേരിക്കയേയും ഞെട്ടിക്കുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide