
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 3 കുട്ടികളടക്കം 8 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം, പുലര്‍ച്ചെ 3 മണിക്ക് പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളില്‍ താമസിക്കുന്നവരുടെ വീടുകള്‍ക്കുനേരെ പാകിസ്ഥാന്‍ വിമാനം ബോംബിട്ടതായാണ് വിവരം. ആക്രമണം പരമാധികാര ലംഘനമാണെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ പക്തിക പ്രവിശ്യയില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും ഖോസ്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 2021 ല്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്.
അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഏഴ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാനില്‍ ആക്രമണമുണ്ടായിരിക്കുന്നത്.
Pakistan air strike in Afghanistan; 8 people including 3 children were killed