
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ആളിക്കത്തിയിട്ടും കാര്യമുണ്ടായില്ല. ദൂരദര്‍ശന്‍ ഇന്നലെ രാത്രി ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചു. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ദൂരദര്‍ശന്റെ നീക്കം.
ഇത് കേരളത്തിന്‍െ കഥയല്ലെന്നും കെട്ടിച്ചമച്ചതാണെന്നും കേരളത്തെ മോശമായി ചിത്രീകരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങളിലേറെയും എത്തിയത്. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഈ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനുപിന്നില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രധാന ആരോപണമുയര്‍ന്നത്.
സിനിമ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്‍പര്യമാണ്. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങേയറ്റം തെറ്റായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രചരണ ചിത്രമാണ് കേരള സ്റ്റോറി. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘപരിവാറിന്റെ വിഷലിപ്തമായ അജണ്ടയുടെ ഭാഗമാണിതെന്നും വി ഡി സതീശന്‍ കത്തില്‍ പറഞ്ഞു. മാത്രമല്ല, സിനിമ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ദൂരദര്‍ശന്‍ ചിത്രം സംപ്രേക്ഷണം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രതിഷേധങ്ങള്‍ കടുത്തപ്പോള്‍ ബിജെപിയുടെ ശബ്ദമായി വി. മുരളീധരന്‍ എത്തുകയും അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവര്‍ക്കുമുണ്ടെന്നും അത് കലയിലൂടെ പ്രകടിപ്പിക്കാമെന്നുമാണ് മുരളീധരന്‍ പ്രതികരിച്ചത്. ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമയെന്നും സിനിമ ഹാനികരമാണെങ്കില്‍ അത് നോക്കാന്‍ സെന്‍സര്‍ ബോര്‍ഡംഗങ്ങളടക്കമുള്ള സംവിധാനങ്ങളുണ്ടെന്നും അവര്‍ പരിശോധിച്ച ശേഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ ദൂരദര്‍ശനില്‍ വരുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു.















