
പുനെ: പുനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയ രണ്ട് ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ സാസൂൻ ആശുപത്രിയിലെ ഡോക്‌ടർമാരായ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാർണോർ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവർ രക്തസാംപിൾ മാറ്റി പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ല എന്ന റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. പിന്നീട് നടത്തിയ ഡി എൻ എ പരിശോധനയിലാണ് ഡോക്ടർമാർ രക്ത സാംപിളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ 17 കാരന്റെ രക്ത പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു ഫലം പുറത്തുവന്നത്. എന്നാൽ വിദ്യാർത്ഥി സുഹൃത്തുക്കളുമൊത്ത് ബാറിലിരുന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യമായ ഫലം ലഭിക്കുന്നതിനായി വെവ്വേറെ സ്ഥലങ്ങളിൽ കുട്ടിയുടെ രക്ത പരിശോധന നടത്തിയതായി പൂനെ പൊലീസ് കമ്മിഷണറും വ്യക്തമാക്കിയിരുന്നു. ആദ്യത്തെ പരിശോധനയിൽ നെഗറ്റീവും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ടുമാണ് ലഭിച്ചത്. റിപ്പോർട്ടുകളിൽ സംശയമുയർന്നതിനെത്തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎൻഎ പരിശോധനാ ഫലത്തിൽ രണ്ട് സാമ്പിളുകളും രണ്ട് വ്യക്തികളുടേതാണെന്ന് തെളിയുകയായിരുന്നു. ഇതാണ് ഡോക്ടർമാരുടെ അറസ്റ്റിലേക്ക് നയിച്ചത്.
രണ്ടരക്കോടി രൂപ വിലവരുന്ന പോർഷെ കാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചുപായുന്നതിനിടെയാണ് 17കാരൻ കഴിഞ്ഞ മേയ് 19 ന് അപകടമുണ്ടാക്കിയത്. 24 വയസ് മാത്രമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനാണ് കേസിലെ പ്രതിയായ 17കാരൻ. അപകടം നടന്നയുടൻ പ്രദേശവാസികൾ 17 കാരനെയും സുഹൃത്തുക്കളെയും പിടികൂടി കൈകാര്യം ചെയ്‌തിരുന്നു. ശേഷം പൊലീസ് അറസ്റ്റ് ചെയ്‌ത് ജുവനൈൽ ജസ്റ്റിസ് ബോർഡിലെത്തിച്ചെങ്കിലും 15 മണിക്കൂറിനകം വിട്ടയച്ചു. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേസിൽ റിയൽ എസ്‌റ്റേറ്റ് വ്യവസായിയായ, 17കാരന്റെ പിതാവ്, അപകടത്തിൽ കുറ്റം ഏറ്റെടുക്കാൻ ജോലിക്കാരനെ നിർബന്ധിച്ചതിന്റെ പേരിൽ മുത്തച്ഛൻ സുരേന്ദ്ര അഗർവാൾ, 17കാരൻ മദ്യപിച്ച ബാറിലെ രണ്ട് ജീവനക്കാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.












