
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗായികയും നര്‍ത്തകിയും ‘അമേരിക്കന്‍ ഐഡല്‍’ താരവുമായ പോള അബ്ദുള്‍, ബ്രിട്ടീഷ് ടെലിവിഷന്‍ എക്‌സിക്യൂട്ടീവായ നൈജല്‍ ലിത്ഗോ രണ്ട് ജനപ്രിയ ടാലന്റ് ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കേസ് ഫയല്‍ ചെയ്തു.
1980-കളുടെ അവസാനത്തില്‍ ചാര്‍ട്ട്-ടോപ്പിംഗ് ഗായികയായി പ്രശസ്തി നേടിയ പോള, ‘അമേരിക്കന്‍ ഐഡല്‍’ എന്ന ടിവി ഗാനമത്സര പരമ്പരയുടെ ആദ്യ സീസണുകളില്‍ ലിത്ഗോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ വെള്ളിയാഴ്ച ഫയല്‍ ചെയ്ത കേസില്‍ ആരോപിച്ചു.
നിരവധി ഹിറ്റ് ടെലിവിഷന്‍ ടാലന്റ് മത്സരങ്ങളുടെ നിര്‍മ്മാതാവായ ലിത്ഗോ, ‘അമേരിക്കന്‍ ഐഡലിനായി’ ഒരു ദിവസത്തെ ഓഡിഷനുകള്‍ക്ക് ശേഷം ഒരു ഹോട്ടല്‍ എലിവേറ്ററില്‍ വെച്ച് ഉപദ്രവിച്ചുവെന്നും അവര്‍ അയാളെ തള്ളിയിടാന്‍ ശ്രമിച്ചുവെന്നും ലിഫ്റ്റിന്റെ വാതില്‍ തുറന്നയുടന്‍ ഓടിയെന്നും കോടതി രേഖകളില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്ന് തന്നെ പ്രതികരിച്ചെന്നും പക്ഷേ ജോലി പോകുമെന്ന പേടിയാലും ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലും അന്ന് പരാതിപ്പെടാനായില്ലെന്നും പോള പറയുന്നു.
എന്നാല്‍ ഇത്തരമൊരു സംഭവം വര്‍ത്തകളില്‍ നിന്നാണ് അറിയുന്നതെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് ലിത്‌ഗോയുടെ പ്രതികരണം.