ലൈംഗികമായി പകരുന്ന സിഫിലിസ് രോഗം യു.എസില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്

വാഷിംഗ്ടണ്‍: ലൈംഗികമായി പകരുന്ന രോഗമായ സിഫിലിസിന്റെ കേസുകള്‍ യുഎസില്‍ ഏഴ് പതിറ്റാണ്ടിലേറെയായി ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2018 നും 2022 നും ഇടയില്‍ കേസുകള്‍ ഏകദേശം 80% വര്‍ദ്ധിച്ച് 207,000 ആയി.

2022-ല്‍, യുഎസില്‍ സിഫിലിസ് ബാധിച്ച് ജനിച്ച 3,755 കുഞ്ഞുങ്ങളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇത് ഭയാനകമായ വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നതെന്ന് സിഡിസി വ്യക്തമാക്കി.

”നമ്മുടെ രാജ്യത്തെ സിഫിലിസ് പ്രതിസന്ധി അംഗീകരിക്കാനാവില്ല. ബൈഡന്‍-ഹാരിസ് അഡ്മിനിസ്ട്രേഷന്‍ ഈ അടിയന്തര പ്രശ്നം പരിഹരിക്കാനും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കാനും പ്രതിജ്ഞാബദ്ധമാണ്. പൂര്‍ണ്ണമായും തടയാവുന്ന രോഗമായ സിഫിലിസ് മൂലമുണ്ടാകുന്ന കൂടുതല്‍ മരണങ്ങള്‍ നാം തടയണം,- ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി സേവ്യര്‍ ബെസെറ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

1951-ല്‍ 170,000-ലധികം സിഫിലിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ലഭ്യതയ്ക്ക് ശേഷം എണ്ണം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്നത്തെ കാലത്ത് ആളുകള്‍ കോണ്ടം ഉപയോഗിക്കുന്നത് കുറഞ്ഞു വരുന്നതായും പലപ്പോഴും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും തിരിച്ചറിയാതെ പോകുന്നതും രോഗവ്യാപനത്തിന്റെ കാരണമായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രെപോണിമ പാലിഡം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികമായി പകരുന്ന രോഗമാണ് സിഫിലിസ് എന്നത് ശ്രദ്ധേയമാണ്. ഈ രോഗം ഒരു വ്രണമായി ആരംഭിക്കുന്നു, അത് പലപ്പോഴും വേദനയില്ലാത്തതും സാധാരണയായി ജനനേന്ദ്രിയത്തിലോ മലാശയത്തിലോ വായയിലോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ വ്രണങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് സിഫിലിസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

നാല് ഘട്ടങ്ങളിലായി വികസിക്കുന്ന സിഫിലിസ് രോഗനിര്‍ണയം പലപ്പോഴും ബുദ്ധിമുട്ടാണ്. സിഫിലിസ് പരിശോധിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗ്ഗം ലളിതമായ രക്തപരിശോധനയാണ്. ചിലപ്പോള്‍ പെന്‍സിലിന്‍ എന്ന ഒറ്റ മരുന്ന് ഉപയോഗിച്ച് ആദ്യഘട്ടത്തിലുള്ളാ സിഫിലിസ് ഭേദമാക്കാം,

എന്നിരുന്നാലും, ചികിത്സിച്ചില്ലെങ്കില്‍, സിഫിലിസ് ഹൃദയത്തെയും തലച്ചോറിനെയും ഗുരുതരമായി നശിപ്പിക്കുകയും അന്ധത, ബധിരത, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഗര്‍ഭാവസ്ഥയില്‍ രോഗം പകര്‍ന്നാല്‍, ഇത് ഗര്‍ഭം അലസല്‍, ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങള്‍, ശിശു മരണം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.