സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കം പീഡിപ്പിച്ചത് 8 മാസം; ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് പുറത്ത്

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഹാജരായി ഒപ്പിടുന്ന രീതിയില്‍ സിദ്ധാര്‍ഥനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച സിദ്ധാര്‍ഥന്റെ റാഗിങ് സംബന്ധിച്ചുള്ള അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യംപറയുന്നത്.

ഫോട്ടോഗ്രാഫറായിരുന്ന സിദ്ധാര്‍ഥന്‍ കോളേജില്‍ മറ്റുവിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. കോളജില്‍ ആളാകാൻ ശ്രമിക്കുന്നുവെന്നുപറഞ്ഞ് സിദ്ധാര്‍ഥനെ നേരത്തേത്തന്നെ സീനിയർ വിദ്യാർഥി സംഘം ലക്ഷ്യംവെച്ചിരുന്നുവെന്നാണ് മൊഴിയിലുള്ളത്. സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.