
ന്യൂഡൽഹി: അന്തിമവാദത്തിനായി പട്ടികയിലുണ്ടായിരുന്നിട്ടും എസ്എന്‍സി ലാവ്ലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകളിൽ സമയം നീണ്ടുപോയതിനാലാണ് ലാവ്ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. ലാവ്ലിൻ അന്തിമ വാദ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും കേസ് ഉന്നയിച്ചില്ല. കേസില്‍ സുപ്രീംകോടതിയിൽ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്.
ഇത് 39ാം തവണയാണ് ലാവ് ലിന് കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.