ടെഹ്റാൻ: ഇറാനെതിരെയുള്ള യുഎസിന്റെ നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചു. ഇതേ തുടർന്ന് ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പുണ്ടായതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള രണ്ട് ഗൺബോട്ടുകൾ ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ഗൺബോട്ടുകൾ മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ഏജൻസി പറഞ്ഞു.
കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോർമുസ് തുറക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്. എന്നാൽ, ഇറാൻ തുറമുഖങ്ങളിലേക്ക് വരുന്നതും പോകുന്നതുമായി കപ്പലുകളെ തടയുന്ന ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് ഹോർമുസ് ഇറാൻ വീണ്ടും അടയ്ക്കുന്നതെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്കെന്നും അതിൻ്റെ മുമ്പത്തെ നില തുടരുമെന്നും ഖത്തം അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തിൻ്റെ വക്താവ് പറഞ്ഞു. യുഎസ് ഉപരോധം പിൻവലിക്കാത്തത് യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകളേയും ബാധിച്ചു. തിങ്കളാഴ്ച ഇസ്ലാമാബാദിൽ രണ്ടാംഘട്ട ചർച്ച നടക്കുമെന്ന് പറഞ്ഞ രണ്ടാംഘട്ട ചർച്ചയ്ക്ക് ഇറാൻ ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ തെസ്നിംന്യൂസ് റിപ്പോർട്ട് ചെയ്‌തു.
നാവിക ഉപരോധം തുടരുന്നതും അമേരിക്കയുടെ അമിതമായ ചില ആവശ്യങ്ങളും കാരണമാണ് രണ്ടാംഘട്ട ചർച്ചയ്ക്ക് ഇറാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ട്. സമ്പുഷ്‌ടീകരിച്ച യുറേനിയം കൈമാറ്റമടക്കമുള്ളതാണ് യുഎസിന്റെ പ്രധാന ആവശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രംപിൻ്റെ നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകൾ തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
US naval blockade; Iran fires on ship in Hormuz, refuses to yield to second round of talks on sanctions












