ലോഗിൻ ചെയ്യാൻ പറ്റിയില്ല; ജോലി പോയെന്ന് കരുതി പരിഭ്രാന്തനായി കാഷ് പട്ടേൽ, എഫ്ബിഐ നേതൃസ്ഥാനം തെറിക്കുമോയെന്ന പേടിയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിന്റെ പരമോന്നത അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുമോയെന്ന ഭീതിയിലാണ് എഫ്ബിഐ ഡയറക്ട‌ർ കാഷ് പട്ടേൽ എന്ന് മീഡിയ റിപ്പോർട്ടുകൾ.

ട്രംപ് ഭരണകൂടത്തിലെ പ്രധാനപ്പെട്ടവരിൽ ഒരാളായ കാഷ് പട്ടേൽ ഏപ്രിൽ 10-ന് തന്നെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതായി കരുതിയെന്നാണ് റിപ്പോർട്ടുകൾ. എഫ്ബിഐയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നതോടെ തന്നെ പുറത്താക്കിയോന്ന് അറിയാനായി അദ്ദേഹം തന്റെ സഹായികളേയും സുഹൃത്തുക്കളെയും പരിഭ്രാന്തനായി വിളിച്ചതായി ദ അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു‌. എന്നാൽ, സാങ്കേതിക പിഴവ് മൂലമാണ് ലോഗിൻ ചെയ്യാൻ സാധിക്കാതിരുന്നത്. .

അതേസമയം, പട്ടേലിന്റെ അമിത മദ്യപാനമാണ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കിയേക്കാം എന്ന വിശ്വാസത്തിന് പിന്നിലെന്ന് ദ അറ്റ്ലാന്റ്റിക് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഒരു എഫ്ബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് “പട്ടേൽ ഔദ്യോഗികമായി ഈ ഉന്നത പദവിയിൽനിന്ന് പുറത്തായെന്ന വാർത്ത കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്” എന്നും റിപ്പോർട്ടിൽ പറയുന്നു. കാഷ് പട്ടേലിന്റെ പെരുമാറ്റത്തെക്കുറിച്ച് ഇരുപതിലധികം ആളുകളുമായി സംസാരിച്ചതായും ട്രംപ് ഭരണകൂടത്തിനുള്ളിൽ പട്ടേലിന്റെ പകരക്കാരനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പട്ടേലിൻ്റെ മദ്യപാനം ഭരണകൂടത്തിന് നിരന്തരമായ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് നിരവധി എഫ്ബിഐ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.

ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെ ആ സ്ഥാനത്തു നിന്ന് പുറത്താക്കിയതിനു പിന്നാലെ കാഷ് പട്ടേലും പുറത്തേക്ക് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

വാഷിങ്‌ടണിലെ സ്വകാര്യ ക്ലബ്ബായ നെഡ്‌സിൽ, പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാഷ് പട്ടേൽ അമിതമായി മദ്യപിക്കാറുണ്ട്. വാരാന്ത്യങ്ങളിൽ പട്ടേലിന്റെ മദ്യപാനം ലാസ് വെഗാസിലെ പൂഡിൽ റൂമിൽ തുടരുന്നു. ഇത് യോഗങ്ങൾ മാറ്റിവെക്കുന്നതിലേക്ക് നയിച്ചിട്ടിട്ടുണ്ടെന്നും കഴിഞ്ഞ വർഷം പല അവസരങ്ങളിലും പട്ടേൽ മദ്യലഹരിയിലായിരുന്നതിനാൽ അദ്ദേഹത്തെ ഉണർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിട്ടുവെന്നും റിപ്പോർട്ടുകളുണ്ട് എന്നാൽ, പട്ടേലിന്റെ ഭരണകാലം ‘മാനേജ്മെന്റ് പരാജയം’ എന്നു പരിഹസിക്കപ്പെടുന്നുണ്ടെങ്കിലും യുഎസിലെ കുറ്റകൃത്യ നിരക്ക് നിയന്ത്രിച്ചതിന് പട്ടേലിനെ ഏവരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Unable to log in; Kash Patel panicked, thinking he had lost his job

More Stories from this section

family-dental
witywide