ശോഭാ സുരേന്ദ്രൻ ഇ.പി.യുടെ മകനെ കണ്ടിരുന്നു; താനും കൂടെയുണ്ടായിരുന്നെന്ന് സി.ജി. രാജഗോപാൽ

പത്തനംതിട്ട: ശോഭാ സുരേന്ദ്രൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ്റെ മകനെ കണ്ടിരുന്നുവെന്ന് കൊച്ചിയിലെ ബിജെപി നേതാവ് സി ജി രാജഗോപാൽ. ശോഭ സുരേന്ദ്രനൊപ്പം താനും ഉണ്ടായിരുന്നു. എന്താണ് സംസാരിച്ചതെന്നറിയില്ലെന്നും സി ജി രാജഗോപാൽ പറഞ്ഞു. രാജഗോപാലിനൊപ്പം ഇപിയുടെ മകനെ കാണാൻ പോയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തലെന്നും അദ്ദേ​ഹം പറഞ്ഞു.

ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനറായ ഇ പി ജയരാജനാണെന്ന് ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാജന്‍ പൂര്‍ത്തിയാക്കിയെന്നും എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ പി ജയരാജന്‍ ആണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. ഒരിക്കല്‍പോലും നേരിട്ട് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. തന്റെ മകനും ശോഭയുമായി ഒരു ബന്ധവുമില്ല. മകന്‍ രാഷ്ട്രീയത്തിലില്ല. എറണാകുളത്ത് ഒരു വിവാഹത്തിന് പോയപ്പോള്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ വെച്ച് കണ്ടു. അന്ന് നമ്പര്‍ വാങ്ങി പിന്നീട് ശോഭ മകനെ ബന്ധപ്പെട്ടിരുന്നു. അവര്‍ മകന്റെ ഫോണില്‍ വിളിച്ചിട്ടും അതിന് മകന്‍ പ്രതികരിച്ചില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു. എന്നെ കാണാന്‍ മകന്റെ ഫ്‌ളാറ്റിലാണ് വന്നത്. ഞാന്‍ ഫ്‌ളാറ്റില്‍ ഉള്ളപ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് കയറി വന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. സംസാരിച്ചാല്‍ രാഷ്ട്രീയം മാറില്ല. ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റിലാണ് കണ്ടത് . തന്നെ കാണാന്‍ പലരും വരാറുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide