
വാഷിങ്ടണ്‍: അമേരിക്കയിലെ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ റോയിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) വിക്രം യാദവാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയുമായി അമേരിക്ക സ്ഥിരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.
ഗുരുതരമായ വിഷയത്തില്‍ റിപ്പോര്‍ട്ട് ‘അനാവശ്യവും അടിസ്ഥാനരഹിതവുമായ’ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അവകാശവാദങ്ങള്‍ ഇന്ത്യ ശക്തമായി നിരസിക്കുന്നുവെന്നും ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് പന്നൂന്‍.
‘ഇന്ത്യന്‍ അന്വേഷണ സമിതിയുടെ പ്രവര്‍ത്തന ഫലങ്ങളെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നത് തുടരുന്നു, ഞങ്ങള്‍ അവരുമായി പതിവായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി അന്വേഷിക്കുകയും ചെയ്യുന്നു’ -യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളുടെ ആശങ്കകള്‍ മുതിര്‍ന്ന തലങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി നേരിട്ട് ഉന്നയിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോയുടെ അന്നത്തെ തലവനായിരുന്ന സുമന്ത് ഗോയലിന്റെ അനുമതിയോടെയായിരുന്നു വിക്രം യാദവ് ഗൂഢാലോചന നടത്തിയതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹി, വാഷിങ്ടണ്‍, ഒട്ടാവ, ലണ്ടന്‍, പ്രാഗ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമുള്‍പ്പെടെയുള്ളവരുടെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ മറ്റൊരു ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പന്നൂന്‍ വധഗൂഢാലോചന പുറത്തുവന്നത്. ഇതിന്റെ പേരില്‍ ഇന്ത്യന്‍പൗരനായ നിഖില്‍ ഗുപ്തയെ യു.എസിന്റെ ആവശ്യപ്രകാരം ചെക്കസ്ലൊവാക്യ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
യുഎസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എത്തിയിരുന്നു. പത്ര റിപ്പോര്‍ട്ട് ഗുരുതരമായ വിഷയത്തില്‍ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞത്. ആരോപണവിധേയമായ ഗൂഢാലോചനയെക്കുറിച്ച് യുഎസ് നല്‍കിയ ഇന്‍പുട്ടുകള്‍ പരിശോധിക്കാന്‍ ന്യൂഡല്‍ഹി നിയോഗിച്ച ഉന്നതതല അന്വേഷണ സമിതി ഇപ്പോഴും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയ്സ്വാള്‍ വ്യക്തമാക്കി.
തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യ തിരയുന്ന പന്നൂന് യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുണ്ട്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കുണ്ടെന്ന സാധ്യത കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇന്ത്യ ശക്തമായി തള്ളിയിരുന്നു.