ഇ.പി ജയരാജന്‍ പുറത്തേക്ക്; ടി.പി രാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. പകരം ടി.പി രാമകൃഷ്ണന്‍ എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറാകും. ബിജെപി ബാന്ധവത്തിന്റെ പേരിലാണ് ഇപിക്ക് പടിയിറങ്ങേണ്ടി വന്നത്.

അതേസമയം, ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞത് സംഘടനാ നടപടിയല്ലെന്നാണ് എംവി ഗോവിന്ദന്‍ നല്‍കുന്ന വിശദീകരണം. ഇപി കേന്ദ്ര കമ്മിറ്റിയംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇ പി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്‌നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വിശ്വസ്തന്‍, വര്‍ഗ-ബഹുജന സംഘടനകളുടെ അമരക്കാരന്‍, മുതിര്‍ന്ന നേതാവ് എന്നിങ്ങനെ ശോഭിക്കുന്ന ടിപി രാമകൃഷ്ണന്റെ വരവ് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേതൃപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ടി.പി രാമകൃഷ്ണന്‍ ജനങ്ങള്‍ക്കിടയിലും സ്വീകാര്യനാണെന്നത് സിപിഎമ്മിന് അധിക ബലമാണ്. മാത്രമല്ല, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യവും പരിചയസമ്പത്തും അദ്ദേഹത്തിന് തുണയാകുമെന്നും വിലയിരുത്തലുണ്ട്.

ഇപിയുടെ പടിയിറക്കത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സി പി എമ്മും ബിജെപിയും തമ്മിലുളള ബന്ധം തെളിഞ്ഞതായി പരിഹസിച്ചിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം ഉയര്‍ത്തിയ വാദത്തെ ശരിവയ്ക്കുന്നതാണ് ഇ പി ജയരാജനെതിരായുള്ള നടപടിയെന്നും മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജന്‍ ജാവഡേക്കറെ കണ്ടതെന്നും സതീശന്‍ പറഞ്ഞു. ഇപിക്ക് ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖറുമായും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായും ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ അത് നിഷേധിച്ചു. ഇപ്പോള്‍ അത് സത്യമാണെന്ന് തെളിഞ്ഞു- അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇലക്ഷന്‍ കാലത്ത് ഉണ്ടായതാണെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ലെന്നും
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോഴാണ് നടപടിയെന്നും അദ്ദേഹം പരിഹസിച്ചു. ജയരാജനെ ബലിയാടാക്കാനുള്ള നടപടിയാണിതെന്നും കെ.സി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide