
യുഎസ് നഗരമായ ബോസ്റ്റണിലെ പ്രധാന വിമാനത്താവളത്തിൻ്റെ വ്യോമാതിർത്തിക്ക് സമീപം വ്യോമ സുരക്ഷയെ ബാധിക്കും വിധം ഡ്രോൺ ഓപ്പറേഷൻ നടത്തിയതിന് രണ്ടു പേർ പിടിയിൽ.
ശനിയാഴ്ച രാത്രി ബോസ്റ്റൺ ഹാർബർ ദ്വീപുകളുടെ ഭാഗമായ ലോംഗ് ഐലൻഡിൽ വച്ച് റോബർട്ട് ഡഫി (42), ജെറമി ഫോൾസിക് (32) എന്നിവരെ പൊലീസ് പിടികൂടി.
ലോഗൻ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ വ്യോമാതിർത്തിക്കു തൊട്ടടുത്തുകൂടി ഇവർ പറത്തിയ ഡ്രോൺ സഞ്ചരിച്ചിരുന്നു. പൊലീസും എഫ്ബിഐയും ചേർന്ന് ഇതു പറത്തിയവരെ കണ്ടെത്തുകയായിരുന്നു. കുറേ ദിവസങ്ങളായി യുഎസിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഡ്രോണുകളെ പോലുള്ള വസ്തുക്കൾ ഒറ്റയ്ക്കും കൂട്ടമായും പറക്കുന്നത് ആളുകളിൽ ആശങ്ക ഉണ്ടാക്കിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡ്രോൺ ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ ഒരു എയർപോർട്ട് നിയന്ത്രിത സമയത്തേക്ക് അടച്ചിടേണ്ടി വന്നു.
ബോസ്റ്റണിലെ സംഭവം പ്രാദേശിക സമയം നാലരയ്ക്കായിരുന്നു. ഡ്രോണിനെ ട്രാക്ക് ചെയ്ത പൊലീസ് അതിൻ്റെ ഓപറേറ്റർമാരെ കണ്ടെത്തി. ലോംഗ് ഐലൻഡിലെ ഡീകമ്മീഷൻ ചെയ്ത ഹെൽത്ത് കാമ്പസിൽ വച്ച് അവർ ഡ്രോൺ പറത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ, മൂന്ന് പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു, അവരിൽ രണ്ട് പേർ – ഡഫി, ഫോൾസിക്ക് എന്നിവരെ പിടികൂടി. ഡഫിയുടെ ബാഗിൽ നിന്ന് ഡ്രോൺ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മൂന്നാമത്തെ പ്രതി ഒരു ചെറിയ ബോട്ടിൽ ദ്വീപിൽ നിന്ന് രക്ഷപ്പെട്ടതായി കരുതപ്പെടുന്നു, ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരു മാസമായി ആകാശത്ത് വട്ടമിട്ടു പറക്കുന്ന ദുരൂഹ വസ്തുക്കൾ പ്രദേശവാസികളുടെ സമാധാനം തകർക്കുകയാണ്. ആകാശത്ത് ഡ്രോണുകളെ പോലെ തോന്നിപ്പിക്കുന്ന ഇവ ഒരോന്നായും കൂട്ടമായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എന്താണ് എന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഏതാണ്ട് ചെറിയ കാറിൻ്റെ വലുപ്പമുള്ള പറക്കുന്ന ഈ വസ്തുക്കൾ എന്തെന്ന് അറിയാതെ ആശങ്കയിലാണ് ജനം .
വിദേശ ഇടപെടൽ സംശയിക്കുന്നില്ല, പൊതു സുരക്ഷയ്ക്കോ ദേശീയ സുരക്ഷയ്ക്കോ പ്രത്യക്ഷമായ ഭീഷണിയൊന്നുമില്ലെന്ന് പെൻ്റഗണും പറയുന്നു.
ന്യൂജേഴ്സിക്ക് പുറമെ, മേരിലാൻഡ്, ന്യൂയോർക്ക്, പെൻസിൽവേനിയ, വിർജീനിയ എന്നിവിടങ്ങളിലുംസമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഭീഷണിയൊന്നും കണ്ടെത്താത്ത പെൻ്റഗൺ, കേസ് എഫ്ബിഐക്ക് വിട്ടു. എഫ്ബിഐ സംസ്ഥാന പൊലീസുമായി ചേർന്ന് ഇത് അന്വേഷിക്കുമെന്നും പൊതുജനങ്ങൾക്ക് ഇതെ കുറിച്ച് അറിയാമെങ്കിൽ വിവരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Two arrested after drone operation near Boston logan airport