
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചതിനു പിന്നാലെ താന്‍ മത്സരത്തില്‍ തുടരുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ‘ഞാന്‍ മത്സരത്തില്‍ തുടരുകയാണ്, ട്രംപിനെ തോല്‍പ്പിക്കും’ എന്നാണ് ബൈഡന്‍ വീണ്ടും വ്യക്തമാക്കിയത്.
പ്രായാധിക്യവും ഓര്‍മ്മക്കുറവും അവസാനിച്ചിട്ടില്ലാത്ത ചര്‍ച്ചകളായി തുടരുമ്പോഴായിരുന്നു സിഎന്‍എന്‍ സംവാദം വരുന്നത്. മോശം പ്രകടനം കാഴ്ച വെച്ചതോടെ ചര്‍ച്ചകള്‍ സജീവമാകുകയും ബൈഡന്റെ പിന്മാറ്റത്തെക്കുറിച്ച് പ്രചരണങ്ങള്‍ എത്തുകയും ചെയ്തത്.
എന്നാല്‍ അതേ തുടര്‍ന്ന് പലപ്പോഴായി താന്‍ പിന്മാറില്ലെന്ന് ആവര്‍ത്തിക്കുകയാണ് ബൈഡന്‍. ഒടുവിലായി വെള്ളിയാഴ്ചയാണ് തന്റെ അനുയായികളോട് വീണ്ടും ആത്മവിശ്വാസത്തോടെ ബൈഡന്‍ ഇതാവര്‍ത്തിച്ചത്.
‘ഇത് എനിക്ക് കഴിയുന്നത്ര വ്യക്തമായി പറയട്ടെ, ഞാന്‍ മത്സരത്തില്‍ തുടരുകയാണ്. ഞാന്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കും,’ വിസ്‌കോണ്‍സിനിലെ മാഡിസണില്‍ നടന്ന ഒരു റാലിയില്‍ പ്രസിഡന്റിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.














