
വാഷിംഗ്ടണ്‍: അക്രമാസക്തരായ കുറ്റവാളികളെന്ന് വിശേഷിപ്പിക്കപ്പെട്ട പത്ത് തടവുകാർ യുഎസ് ജയിലിൽ നിന്ന് രക്ഷപ്പെട്ടു.
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഓർലിയൻസിലുള്ള ഓർലിയൻസ് ജസ്റ്റിസ് സെന്‍ററിൽ നിന്ന് വെള്ളിയാഴ്ചയാണ് അക്രമാസക്തരായ കുറ്റവാളികളെന്ന് വിശേഷിപ്പിക്കപ്പെട്ട പത്ത് തടവുകാർ രക്ഷപ്പെട്ടത്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർന്നിട്ടുള്ളത്.
രാവിലത്തെ എണ്ണമെടുപ്പിനിടെയാണ് തടവുകാര്‍ രക്ഷപെട്ടതായി അധികൃതർ കണ്ടെത്തിയത്. തടവുകാർ ടോയ്‌ലറ്റിന് പിന്നിൽ മറഞ്ഞ ഒരു ചെറിയ ജനൽ വഴി മെയിന്റനൻസ് ഏരിയയിലേക്ക് പ്രവേശിച്ചു. അവിടെ നിന്ന് അവർ ഒരു മതിൽ ചാടി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഓറഞ്ച് ജമ്പ്‌സ്യൂട്ടുകൾ ധരിച്ച സംഘം ഇരുട്ടിൽ ഇന്‍റർസ്റ്റേറ്റ് 10 ലൂടെ ഓടുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. തടവുകാർ അവരുടെ രക്ഷപ്പെടൽ പാതയിലെ മതിലിൽ പരിഹാസപരമായ ചുവരെഴുത്തുകളും നടത്തി. “Too Easy LOL”, “Catch us when you can”, “Most Hated 9” തുടങ്ങിയ സന്ദേശങ്ങളും അസഭ്യവാക്കുകളുമാണ് അവര്‍ കുറിച്ചത്.