പ്രസിഡന്റ് ട്രംപിന് വന്‍ തിരിച്ചടി ; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് സ്റ്റേ

വാഷിങ്ടന്‍: യുഎസില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. പ്രസിഡന്റിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള തുടര്‍നടപടികള്‍ക്ക് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് താല്‍ക്കാലികമായി തടയിട്ടു. 14 ദിവസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തതുകൊണ്ടാണ് നിയമപരമായ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയ്, ഒറിഗണ്‍ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. മാത്രമല്ല, ട്രംപിന്റെ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്നും സിയാറ്റിൽ ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ ചൂണ്ടിക്കാട്ടി.

ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല. എന്നാല്‍, യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.