
കണ്ണൂര്‍: കേരളത്തെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ജയിലിലെ സുരക്ഷയെ അടക്കം ചോദ്യം ചെയ്യേണ്ടിയും വന്ന മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായിരിക്കുകയാണ്. ഇതിനായി ഏറ്റവും വലിയ സഹായമുണ്ടായത് നാട്ടുകാരുടെ ഭാഗത്തുനിന്നാണെന്ന് തുറന്നു പറഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്.
ഇന്ന് പുലര്‍ച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താന്‍ നാട്ടുകാരുടെ ഭാഗത്തും കൃത്യമായ ഇടപെടലും ജാഗ്രതയുമുണ്ടായി. കൃത്യമായ തെരച്ചില്‍ വിജയം കണ്ടു. വിഷയത്തില്‍ സജീവമായി ജനം ഇടപെട്ടുവെന്നും വിശ്വസനീയമായ വിവരം നല്‍കിയ മൂന്ന് പേരുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു. സാമൂഹ്യജാഗ്രത ഉയര്‍ത്തിയ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദിയെന്നും കമ്മീഷണര്‍ പ്രതികരിച്ചു.
അതേസമയം, പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്നും ഗോവിന്ദചാമിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.