‘കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം’, നീതി പൂർണമായിട്ടില്ല, ഗൂഢാലോചന ആവർത്തിച്ച് മഞ്ജു വാര്യർ

കൊച്ചി: 2017ലെ നടി ആക്രമണ കേസിലെ വിധിയെ വിമർശിച്ച് നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. കേസിൽ ഗൂഢാലോചന നടന്നതായി ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്ന മഞ്ജു, നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും വ്യക്തമാക്കി. ആസൂത്രണം നടത്തിയവർ ഇപ്പോഴും പുറത്തുള്ളത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർക്ക് ശിക്ഷ ലഭിക്കാതെ അതിജീവിതയ്ക്ക് പൂർണ നീതി ലഭിക്കില്ലെന്നും അവർ കുറിപ്പിൽ എഴുതി. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മഞ്ജുവിന്റെ നിലപാട് സിനിമാ മേഖലയിൽ വിവാദമായി മാറിയിരിക്കുകയാണ്.

മഞ്ജു വാര്യരുടെ പോസ്‌റ്റിൻ്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്‌തവർ അത് ആരായാലും അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.

അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമ സംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ.

ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും ഇന്നും എന്നും അവൾക്കൊപ്പം

മഞ്ജു വാര്യർ

More Stories from this section

family-dental
witywide